കോട്ടയം- മള്ളൂശേരിയിലും സന്തോഷ് ട്രോഫി വിജയത്തിന്റെ അലയൊലി. ബംഗാളിനെതിരായ ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജസ്റ്റിൻ ജോർജിന്റെ നാടാണിത്.
കൊൽക്കത്തയിൽനിന്ന് വിജയശ്രീലാളിതനായി എത്തിയ ജസ്റ്റിന് വീരോചിതമായ വരവേൽപ്പാണ് മള്ളൂശേരി ഗ്രാമം നൽകിയത്.
മകനെ സ്വീകരിക്കാൻ മാതാപിതാക്കളായ ജോർജുകുട്ടിയും ജെസിയും നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയിരുന്നു. തുടർന്ന് ജന്മനാട്ടിലെത്തിയ ജസ്റ്റിനെ ചുങ്കം ജംഗ്ഷനിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് നാട്ടുകാർ വീട്ടിലേക്ക് ആനയിച്ചു. സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തകരും ഫുട്‌ബോൾ പ്രേമികളായ ജസ്റ്റിന്റെ സുഹൃത്തുക്കളും സ്വീകരണത്തിന് നേതൃത്വം നൽകി. ജെസി മധുരം നൽകി മകനെ സ്വീകരിച്ചു. കൂലിപ്പണിക്കാരനാണ് ജസ്റ്റിന്റെ പിതാവ് ജോർജുകുട്ടി.
ടൂർണമെന്റിൽ ജസ്റ്റിന്റെ മികച്ച പ്രകടനം നാട്ടുകാർക്കുമുഴുവൻ ആവേശമായിരുന്നു. ഉദ്വേഗഭരിതമായ ഫൈനലിലെ രണ്ടാം ഗോളിന് വഴിയൊരുക്കിയ പാസ് നൽകിയത് ജസ്റ്റിനാണ്. കൂടാതെ ഷൂട്ടൗട്ടിൽ മൂന്നാമത്തെ കിക്ക് വലയിലെത്തിക്കുകയും ചെയ്തു.
ടി.വിയിൽ തത്സമയം കളികാണാൻ ജോർജിനൊപ്പം അയൽക്കാരും ജസ്റ്റിന്റെ സുഹൃത്തുക്കളും എത്തിയിരുന്നു. മത്സരം ആരംഭിച്ചപ്പോൾ മുതൽ ജെസി പ്രാർഥനാ മുറിയിലായിരുന്നു. ബംഗളൂരുവിലുള്ള സഹോദരി ജോബിത മത്സരത്തിന്റെ പിരിമുറുക്കം കുറയ്ക്കാൻ ഇടതടവില്ലാതെ വീട്ടിലേക്ക് വിളിച്ചു. കളി എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടതോടെ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും എക്‌സ്ട്രാ സമ്മർദം.
മത്സരത്തിന് ഒരു മണിക്കൂർ മുമ്പ് ജസ്റ്റിൻ വീട്ടിലേക്ക് വിളിച്ചു. 'ഒരു മീറ്റിംഗിന് ശേഷം കളി തുടങ്ങും. ഇനി കളി അവസാനിച്ചശേഷമേ വിളിക്കൂ. പ്രാർഥിക്കണേ അമ്മേ' അപ്പോൾ തുടങ്ങിയതാണ് പ്രാർഥന. മഹാരാഷ്ട്രയുമായുള്ള കളിക്കിടെ കാലിന് പറ്റിയ പരിക്കുമൂലം ഫൈനലിൽ കളിക്കാൻ കഴിയുമോ എന്നായിരുന്നു ജസ്റ്റിന്റെ ആശങ്ക. ഇത് കുടുംബത്തിലും ആശങ്കയുടെ നിഴൽവീഴ്ത്തിയിരുന്നു.
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് കാൽപന്തിന്റെ ലോകത്തേക്ക് ജസ്റ്റിൻ കടക്കുന്നത്. സ്‌കൂൾ തലത്തിൽ നിന്നും ജില്ലാ സംസ്ഥാന തലം വരെയെത്തി. പിന്നെ സന്തോഷ് ട്രോഫി ടീമിൽ. ഇപ്പോൾ ഗോകുലം കേരള എഫ്.സിയിലെ കളിക്കാരനാണ് കോട്ടയം ബസേലിയോസ് കോളജിലെ ഒന്നാം വർഷ ബിരുദവിദ്യാർഥിയായ ജസ്റ്റിൻ. സഹോദരി ജോബിത ബംഗളൂരുവിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്നു.