അമൃത്‌സര്‍- പഞ്ചാബില്‍ ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ അഴിമതി ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. കരാറുകള്‍ക്കായി മന്ത്രി ഉദ്യോഗസ്ഥരില്‍ നിന്ന് ഒരു ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടതായി പരാതി ഉയര്‍ന്നിരുന്നു. ഇത് ശരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
മന്ത്രിക്കെതിരെ വ്യക്തമായ തെളിവുകള്‍ കണ്ടെത്തിയതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ നേരത്തെ അറിയിച്ചിരുന്നു. സിംഗ്ലയെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയ വാര്‍ത്ത സ്ഥിരീകരിക്കുന്ന വീഡിയോ പിന്നീട് മുഖ്യമന്ത്രി പുറത്തുവിട്ടു. തെറ്റ് സമ്മതിച്ച മന്ത്രിക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിംഗ്ല തെറ്റ് സമ്മതിച്ചുവെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ഇതര സംസ്ഥാന മുഖ്യമന്ത്രിമാരെപ്പോലെ തനിക്കും സംഭവം അവഗണിക്കാമായിരുന്നുവെന്നും എന്നാല്‍ അഴിമതി തുടച്ചുനീക്കുന്നതിനാണ് സംസ്ഥാനത്തെ ജനങ്ങള്‍ തങ്ങളെ വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിന്റെ അഴിമതി വിരുദ്ധ നിലപാടിനെ മുഖ്യമന്ത്രി മാന്‍ പ്രശംസിച്ചു. അദ്ദേഹം നല്‍കിയ വാഗ്ദാനങ്ങളാണ് തങ്ങളെ പോലുള്ള പ്രവർത്തകർ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.