ലഖ്‌നൗ- വിവാഹച്ചടങ്ങുകൾ നടക്കുന്നതിനിടെ വരന്റെ വിഗ്ഗ് താഴെ വീണ് വിവാഹം മുടങ്ങി. ചടങ്ങിനിടെ വരൻ തലകറങ്ങി വീണപ്പോൾ വിഗ്ഗും താഴെപ്പോകുകയായിരുന്നു. വരന് കഷണ്ടിയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ വധു വിവാഹത്തിൽനിന്ന് പിന്മാറി.
ഉത്തർപ്രദേശിലെ ഉന്നാവോയിലാണ് സംഭവം. കഷണ്ടിയുള്ള കാര്യം വധുവിനോടും വീട്ടുകാരോടും വരൻ മറച്ചുവെച്ചിരുന്നു. വീട്ടുകാർ പരമാവധി ശ്രമിച്ചിട്ടും വധു വിവാഹത്തിന് സമ്മതിച്ചില്ല. ഒടുവിൽ പോലീസും സ്ഥലത്തെത്തി. പഞ്ചായത്ത് യോഗം വിളിക്കുകയും ചെയ്തു. പക്ഷേ വധു നിലപാടിൽ ഉറച്ചുനിന്നു.
ഇതോടെ ഇരുവീട്ടുകാരും ഒത്തുതീർപ്പിലെത്തി. ചടങ്ങുകൾക്കായി 5.66 ലക്ഷം രൂപയാണ് വധുവിന്റെ വീട്ടുകാർക്ക് ചിലവായത്. ഈ പണം നൽകാമെന്ന് വരന്റെ വീട്ടുകാർ ഉറപ്പുനൽകി.'വരന് കഷണ്ടിയുള്ള കാര്യം നേരത്തെ പറഞ്ഞിരുന്നെങ്കിൽ അതിനായി വധുവിനെ മാനസികമായി ഒരുക്കാമായിരുന്നു. ഈ പ്രശ്‌നമുണ്ടാകില്ലായിരുന്നു. സത്യങ്ങൾ മറച്ചുവെച്ച് ദാമ്പത്യജീവിതം എങ്ങനെ മുന്നോട്ടുപോകാനാണ്.' വധുവിന്റെ അമ്മാവൻ ചോദിച്ചു.