റിയാദ് - വിവിധ സർക്കാർ, അർധ സർക്കാർ സേവനങ്ങൾക്ക് സ്വദേശികൾക്കും വിദേശികൾക്കും വ്യക്തിഗത മേൽവിലാസം നിർബന്ധമാക്കിത്തുടങ്ങി. ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ടെലികോം കമ്പനികൾ തുടങ്ങിയ വിവിധ സേവനദാതാക്കൾ വ്യക്തികളുടെ മൊബൈൽ ഫോണുകളിലേക്ക് ഇതുസംബന്ധിച്ച് സന്ദേശം അയച്ചുകൊണ്ടിരിക്കുകയാണ്. സൗദി പോസ്റ്റിന്റെ നാഷണൽ അഡ്രസ് വെബ്‌സൈറ്റ് ലിങ്കും സന്ദേശത്തോടൊപ്പം അയക്കുന്നുണ്ട്.
നാഷണൽ അഡ്രസിൽ വ്യക്തിഗത മേൽവിലാസം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കില്ലെന്ന് ബാങ്കുകൾ അറിയിച്ചിട്ടുണ്ടെങ്കിലും മികച്ച സേവനങ്ങൾ ലഭ്യമാക്കാൻ വ്യക്തിഗത അഡ്രസ് അനിവാര്യമാണ്. പുതിയ അക്കൗണ്ട് തുറക്കാനും നാഷണൽ അഡ്രസ് വേണം. വാഹനമുടമകൾക്ക് ഇൻഷുറൻസ് പോളിസി എടുക്കാനും അടുത്തിടെ നാഷണൽ അഡ്രസ് നിർബന്ധമാക്കിയിട്ടുണ്ട്. ഇഖാമ, ഡ്രൈവിംഗ് ലൈസൻസ്, വാഹനങ്ങളുടെ ഇസ്തിമാറ, നമ്പർ പ്ലേറ്റ് എന്നിവ എത്തിച്ചു നൽകാനും ഓരോ പ്രദേശത്തെ ജനസാന്ദ്രത തിരിച്ചറിഞ്ഞ് അതിനനുസരിച്ച് സുരക്ഷ ക്രമീകരണങ്ങളൊരുക്കാനും നാഷണൽ അഡ്രസ് ഉപകാരപ്പെടുമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ ഓർമിപ്പിക്കുന്നു.
സൗദി പോസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള നാഷണൽ അഡ്രസ് വെബ്‌സൈറ്റിലാണ് എല്ലാവർക്കും മേൽവിലാസം രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്. വ്യക്തികൾക്ക് പുറമെ സ്ഥാപനങ്ങൾക്കും മേൽവിലാസം രജിസ്റ്റർ ചെയ്യാം. വ്യക്തികൾ തിരിച്ചറിയൽ കാർഡ് നമ്പറാണ് നൽകേണ്ടതെങ്കിലും സ്ഥാപനങ്ങൾക്ക് കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ നമ്പർ, തൊഴിൽ മന്ത്രാലയ രജിസ്‌ട്രേഷൻ നമ്പർ എന്നിവ ചേർത്താൽ മാത്രമേ രജിസ്‌ട്രേഷൻ പൂർത്തിയാവൂ. താമസിക്കുന്ന പ്രവിശ്യ, ജില്ല, ഏരിയ, മുനിസിപ്പാലിറ്റി നൽകിയ നാലക്ക കെട്ടിട നമ്പർ, ഫഌറ്റ് നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, ഇഖാമ നമ്പർ, ഇഖാമ കാലാവധി തുടങ്ങിയ വിവരങ്ങളാണ് രജിസ്‌ട്രേഷൻ പൂർത്തീകരിക്കുന്നതിന് ആവശ്യമുള്ളത്. ഗൂഗിൾമാപ്പുമായി ബന്ധിപ്പിക്കുന്നതിനാൽ താമസസ്ഥലം മാപ്പിൽ അടയാളപ്പെടുത്തി രജിസ്‌ട്രേഷൻ പൂർത്തീകരിക്കാനുള്ള സൗകര്യവും വെബ്‌സൈറ്റിലുണ്ട്. രജിസ്‌ട്രേഷൻ നടപടികൾ പൂർണമാകുന്നതോടെ മൊബൈലിൽ ഓൺ ടൈം പാസ്‌വേർഡ് ലഭിക്കും. ഇതുപയോഗിച്ച് വെരിഫൈ നടത്തി അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുന്നതോടെ സിപ് കോഡ്, അഡീഷനൽ കോഡ് തുടങ്ങിയ വിവരങ്ങളുൾപ്പെടുന്ന സമ്പൂർണ മേൽവിലാസം ഇഖാമയിലെ പേര് സഹിതം പ്രത്യക്ഷപ്പെടും. രജിസ്‌ട്രേഷൻ നമ്പർ ഉൾപ്പടെയുള്ള വിവരങ്ങൾ വ്യക്തികൾക്ക് പ്രിന്റ് ചെയ്യുന്നതിനും വെബ്‌സൈറ്റിൽ സൗകര്യമുണ്ട്.
നേരത്തെ രജിസ്റ്റർ ചെയ്ത അഡ്രസ് തിരുത്താൻ മാനേജ് രജിസ്റ്റേർഡ് അഡ്രസ് എന്ന ഭാഗം ക്ലിക്ക് ചെയ്താൽ മതി. ഇഖാമ നമ്പറും മൊബൈൽ നമ്പറും നൽകിയാൽ ഓൺ ടൈം പാസ്‌വേർഡ് ലഭിക്കും. ഇതുപയോഗിച്ച് തുറന്നാൽ പ്രൊഫൈൽ തിരുത്താനും അഡ്രസ് അപ്‌ഡേറ്റ് ചെയ്യാനുമുള്ള സൗകര്യമുണ്ട്.
വിദേശികൾ ഇഖാമ നമ്പർ നൽകിയാണ് രജിസ്‌ട്രേഷൻ പൂർത്തീകരിക്കേണ്ടത്. സ്വദേശികൾ ബതാഖ നമ്പറും ജനന തിയതിയും ചേർക്കണം. രജിസ്‌ട്രേഷൻ പൂർത്തീകരിക്കുന്നതോടെ ഇത് നാഷണൽ ഇൻഫർമേഷൻ സെന്ററുമായി ബന്ധിപ്പിക്കും. തുടർന്നുള്ള എല്ലാ സേവനങ്ങൾക്കും ഈ മേൽവിലാസമായിരിക്കും ഔദ്യോഗികമായി അംഗീകരിക്കുക.
വിദേശികൾ ഉൾപ്പെടെ മുഴുവൻ പൗരൻമാരെയും പുതിയ മേൽവിലാസ പദ്ധതിയിൽ കൊണ്ടുവരാനുള്ള പദ്ധതിയാണ് ഇതുവഴി സൗദി പോസ്റ്റ് നടപ്പാക്കുന്നത്. ഓരോ വ്യക്തിയും എവിടെയാണ് താമസിക്കുന്നതെന്നും ജോലി ചെയ്യുന്നതെന്നും ഇതുവഴി അധികൃതർക്ക് കണ്ടെത്താനാവും. കുറ്റകൃത്യങ്ങൾ നടക്കാനിടയുള്ള സ്ഥലങ്ങളും ജനത്തിരക്കുള്ള പ്രദേശങ്ങളും കണ്ടെത്താൻ സുരക്ഷ ഉദ്യോഗസ്ഥർക്ക് സൗകര്യമൊരുക്കും. പോസ്റ്റൽ സർവീസ്, അഗ്നിശമന വിഭാഗം, ആരോഗ്യ പ്രവർത്തകർ, വെള്ളം, വൈദ്യുതി, ടെലിഫോൺ സേവനം എന്നിവ യഥാസമയം ലഭിക്കാനും ഈ സംവിധാനം ഉപകാരപ്പെടും.