ന്യൂദല്‍ഹി- ടൈം വാരിക പ്രസിദ്ധീകരിച്ച 2022ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളില്‍ കശ്മീരില്‍ ജയിലിലടക്കപ്പെട്ട ആക്ടീവിസ്റ്റ് ഖുറം പര്‍വേസും. പട്ടികയിലെ ഏതാനും പ്രമുഖ ഇന്ത്യന്‍ പേരുകളില്‍ ഒരാളാണ് ജമ്മുകശ്മീര്‍ ആക്ടിവിസ്റ്റായ അദ്ദേഹം. ഇന്ത്യന്‍ കോടീശ്വരന്‍ ഗൗതം അദാനിയും അഭിഭാഷക കരുണയും പട്ടികയില്‍ ഉള്‍പ്പെടുന്നു.
ഫിലിപ്പീന്‍സിലെ ഏഷ്യന്‍ ഫെഡറേഷന്‍ എഗെയ്ന്‍സ്റ്റ് ഇന്‍വോളണ്ടറി ഡിസ്പിയറന്‍സസ് (എഎഫ്എഡി) അധ്യക്ഷനായ പര്‍വേസിനെ കഴിഞ്ഞ വര്‍ഷം നവംബറിലാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്തത്.
ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കിയെന്ന ആരോപണത്തില്‍ യുഎപിഎ പ്രകാരമാണ് കേസ്. താഴ്‌വരയിലെ ഏറ്റവും ശക്തമായ ശബ്ദങ്ങളിലൊന്നായ പര്‍വേസ് ബി.ജെ.പിയുടെ കടുത്ത വിമര്‍ശകനാണ്.
ജമ്മു കശ്മീര്‍ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ പോരാട്ടം കാരണം പര്‍വേസിന്റെ ശബ്ദം 'നിശബ്ദമാക്കേണ്ടി വന്നുവെന്നാണ് ടൈം വാരികയില്‍ ഖുറം പര്‍വേസിന്റെ പ്രൊഫൈല്‍ എഴുതിയ മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ് കുറിച്ചത്.
നിര്‍ബന്ധിത തിരോധാനങ്ങള്‍ കാരണം കുട്ടികളെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയ പര്‍വേസിനെ 'ഇന്നത്തെ ഡേവിഡ്' എന്നാണ് റാണ അയ്യൂബ് വിശേഷിപ്പിച്ചത്.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി, റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, ടെന്നീസ് ഐക്കണ്‍ റാഫേല്‍ നദാല്‍, ആപ്പിള്‍ സിഇഒ ടിം കുക്ക്, മാധ്യമ വ്യവസായി ഓപ്ര വിന്‍ഫ്രെ തുടങ്ങിയവര്‍ ടൈം പട്ടികയിലുണ്ട്.