റിയാദ് - സൗദി അറേബ്യയുടെ സ്വപ്ന പദ്ധതിയായ നിയോമിലെ നിയോം ബേ എയര്‍പോര്‍ട്ടില്‍നിന്ന് അടുത്ത മാസം മുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുന്നു. ആദ്യ വിമാനം അടുത്ത മാസം ദുബായിലേക്കാണ്. തുടക്കത്തില്‍ തെരഞ്ഞെടുത്ത നഗരങ്ങളിലേക്കാണ് അന്താരാഷ്ട്ര സര്‍വീസുകളുണ്ടാവുക. നിയോം ബേ എയര്‍പോര്‍ട്ടില്‍നിന്ന് റെഗുലര്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താന്‍ ദേശീയ വിമാന കമ്പനിയായ സൗദിയയുമായി കരാറായതായി നിയോം അറിയിച്ചു.
ലണ്ടനിലേക്കും വൈകാതെ സര്‍വീസ് ആരംഭിക്കാന്‍ പദ്ധതിയുണ്ട്. നിയോം ബേ എയര്‍പോര്‍ട്ടില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിന്റെ പ്രാരംഭമാണ് ദുബായ് സര്‍വീസ്. മൂന്നു ഭൂഖണ്ഡങ്ങളുടെ സംഗമ കേന്ദ്രമായ നിയോമിലെ തന്ത്രപ്രധാന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളം വഴി ലോകത്തെ 40 ശതമാനം ആളുകള്‍ക്കും നാലു മണിക്കൂറിനകം നിയോമില്‍ എത്തിച്ചേരാന്‍ സാധിക്കും.