കൊച്ചി - നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ പുതിയ തെളിവുകള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ക്രൈംബ്രാഞ്ച് നടത്തിയ തുടരന്വേഷണം ഇടക്ക് വെച്ച് അവസാനിപ്പിക്കുന്നതിന് പിന്നില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എടുത്ത രാഷ്ട്രീയ തീരുമാനം. തുടരന്വേഷണം ഇപ്പോഴത്തെ നിലയില്‍ മുന്നോട്ടു പോയാല്‍ പോലീസും കോടതിയും അഭിഭാഷകരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് അത് ചെന്നെത്തുമെന്നും ആത്യന്തികമായി അത് മുഖ്യമന്ത്രി കൈയാളുന്ന ആഭ്യന്തര വകുപ്പിനെയായിരിക്കും പ്രതികൂലമായി ബാധിക്കുകയെന്നുമാണ് സര്‍ക്കാരിന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നല്‍കിയ നിയമോപദേശം. കോടതിയില്‍ തെളിവ് ഹാജരാക്കാതെ മാധ്യമ വിചാരണക്ക് വഴിയൊരുക്കുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പ്രോസിക്യൂഷനുമെതിരെ നിരന്തര വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഹൈക്കോടതിയില്‍ നിന്നും പോലീസിനെതിരെ ഗുരുതരമായ വിമര്‍ശനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത സംബന്ധിച്ച് ഡി ജി പി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയതായാണ് അറിവ്.
കഴിഞ്ഞ തവണ അന്വേഷണത്തിന് സമയം നീട്ടി നല്‍കിയപ്പോള്‍ ഇനി ഈ ആവശ്യവുമായി വരരുതെന്ന് കോടതി കടുത്ത ഭാഷയില്‍ പറഞ്ഞിരുന്നു. വീണ്ടും സമയം നീട്ടി നല്‍കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചാല്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ പുതുതായി എന്ത് തെളിവാണ് കിട്ടിയതെന്ന് ബോധ്യപ്പെടുത്തേണ്ടി വരും. നിലവില്‍ അത്തരം തെളിവുകളൊന്നും ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിചാരണ കോടതിയില്‍ വ്യക്തമായിട്ടുള്ളത്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദരേഖകള്‍, ദിലീപിന്റെയും സഹോദരന്റെയും ബന്ധുവിന്റെയും ഫോണുകളില്‍ നിന്ന് വീണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകള്‍, തെളിവ് നശിപ്പിക്കല്‍ സംബന്ധിച്ച സാക്ഷിമൊഴികള്‍ എന്നിവയാണ് തുടരന്വേഷണത്തില്‍ ക്രൈംബ്രാഞ്ചിന് ശേഖരക്കാനായിട്ടുള്ളത്. എന്നാല്‍ ഇവക്കൊന്നും നടിയെ ആക്രമിച്ച കേസുമായി ബന്ധമില്ലെന്ന് വിചാരണ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കേസില്‍ ശക്തമായ തെളിവുകള്‍ കണ്ടെത്തുന്നതിന് പകരം ദിലീപിന്റെ അഭിഭാഷകനായ ബി രാമന്‍പിള്ളയെയും വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെ തന്നെയും പോലീസും പ്രോസിക്യൂഷനും ആരോപണങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ ശ്രമിച്ചതും അന്വേഷണ സംഘത്തിന് തിരിച്ചടിയായി. ബി രാമന്‍പിള്ള സി പി എം നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വളരെ സീനിയറായ അഭിഭാഷകനാണ്. അദ്ദേഹത്തെ ചോദ്യം ചെയ്യാനും പ്രതിയാക്കാനുമുള്ള നീക്കത്തിനെതിരെ അഭിഭാഷക സമൂഹം ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഹൈക്കോടതി ജഡ്ജിമാരും അന്വേഷണ സംഘത്തിന്റെ ഈ പോക്കിനെ വിമര്‍ശനത്തോടെയാണ് കണ്ടത്. വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസും പ്രോസിക്യൂഷനും തമ്മിലുള്ള അഭിപ്രായ ഭിന്നത കേസിന്റെ വിചാരണ തുടങ്ങിയതു മുതലുള്ളതാണ്. ഹണി എം വര്‍ഗീസിനെതിരെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വരെ പരാതി പോയെങ്കിലും മേല്‍കോടതികള്‍ അവരില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ ഇരയുടെ മാലാഖ ചമയണ്ട എന്നാണ് ഹൈക്കോടതി ഇതുസംബന്ധിച്ച വിധിന്യായത്തില്‍ അഭിപ്രായപ്പെട്ടത്.
ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ഹാജരാക്കുന്ന സാക്ഷി മൊഴികള്‍ വിശ്വാസ യോഗ്യമല്ലെന്നും തെളിവുകള്‍ ദുര്‍ബലമാണെന്നും വിചാരണ ജഡ്ജി ആവര്‍ത്തിച്ച് നിലപാട് സ്വീകരിച്ചതാണ് ഭിന്നത രൂക്ഷമാകാന്‍ കാരണമായത്. ഹണി എം വര്‍ഗീസിന്റെ കുടുംബ- രാഷ്ട്രീയ പശ്ചാത്തലം പൊതുചര്‍ച്ചയിലേക്ക് കൊണ്ടുവന്ന് അവരെ തേജോവധം ചെയ്യാന്‍ ശ്രമിച്ചതും സ്ഥിതി വഷളാക്കി. സി പി എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ മകളാണ് ഹണി എം വര്‍ഗീസ്. അഭിഭാഷകയായിരിക്കുമ്പോഴും കടുത്ത സി പി എം അനുഭാവിയായിരുന്നു ഹണി എം വര്‍ഗീസ്. എക്സൈസ് ഉദ്യോഗസ്ഥനായ അവരുടെ ഭര്‍ത്താവ് ഒരു കസ്റ്റഡി മരണ കേസില്‍ ആരോപണ വിധേയനായതും ജഡ്ജിയുടെ ആത്മാര്‍ഥത ചോദ്യം ചെയ്യാനായി പോലീസ് എടുത്തുപയോഗിച്ചു. പോലീസിന്റെയും പ്രോസിക്യൂഷന്റെയും ഈ നിലപാട് സര്‍ക്കാരിനെയും പ്രകോപിപ്പിച്ചുവെന്നാണ് അറിയുന്നത്.
കേസില്‍ 15-ാം പ്രതിയായി ശരത്തിനെ ഉള്‍പ്പെടുത്തി കോടതിയില്‍ 30ന് അധിക റിപ്പോര്‍ട്ട് നല്‍കുന്നതോടെ ഏറെ കോളിളക്കം സൃഷ്ടിച്ച കേസന്വേഷണത്തിന് അന്ത്യമായേക്കും. എന്നാല്‍ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ അതിജീവിത ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന ഹരജിയിന്‍മേലുള്ള തീരുമാനവും നിര്‍ണായകമാകും.