കൊച്ചി- കേസ് ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന പരാതിയുമായി ആക്രമിക്കപ്പെട്ട നടിക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്ന ഗുരുതര സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും തുടരന്വേഷണം പൂര്‍ത്തിയാക്കാതെയാണ് കേടതിയിലേക്ക് പോകുന്നതെന്നതെന്നും സി.പി.എം നേതാക്കള്‍ ഇടനിലക്കാരായെന്നുമാണ് ആരോപണം. നടിയുടേയും പി.സി ജോര്‍ജിന്റെയും കേസില്‍ ഒരു സി.പി.എം നേതാവ് തന്നെയാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. അയാള്‍ ആരാണെന്ന് വ്യക്തമായി അറിയാം. തെളിവ് സഹിതം ഇടനിലക്കാന്റെ പേര് യു.ഡി.എഫ് പുറത്ത് വിടുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിച്ച് കോടതിയിലേക്ക് പോകാനുണ്ടായ സാഹചര്യം എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇത്തരമൊരു പരാതി കൊടുക്കാനുള്ള സാഹചര്യം അതിജീവിതയ്ക്ക് എങ്ങനെയാണ് സര്‍ക്കാര്‍ ഉണ്ടാക്കിയത്. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം പോലും ഇതുവരെ അംഗീകരിച്ചില്ല. കേസ് ഇല്ലാതാക്കാനുള്ള ശ്രമമാണ് കഴിഞ്ഞ കുറെക്കാലമായി സര്‍ക്കാര്‍ നടത്തുന്നത്. ഇടനിലക്കാര്‍ ആകുകയെന്നതാണ് സി.പി.എം നേതാക്കളുടെ ഇപ്പോഴത്തെ പണി. കേരളത്തിലാണ് ഇതൊക്കെ നടക്കുന്നത്. ഇതേക്കുറിച്ച് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ. ഇല്ലെങ്കില്‍ യു.ഡി.എഫ് വിഷയം ഏറ്റെടുത്ത് ശക്തമായ സമരവുമായി മുന്നോട്ട് പോകും. കേസ് തേയ്ച്ചുമാച്ച് കളയാന്‍ അനുവദിക്കില്ല. ആലുവയില്‍ ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥിനിയുടെ കാര്യത്തിലുള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങളിലൊക്കെ സ്ത്രീവിരുദ്ധ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
ഉപതെരഞ്ഞെടുപ്പില്‍ വോട്ട് നേടാനുള്ള വിഷയം മാത്രമായി യു.ഡി.എഫ് ഇതിനെ ചെറുതായി കാണുന്നില്ല. ഈ വിഷയം കൊണ്ട് വോട്ട് തേടേണ്ടകാര്യം യു.ഡി.എഫിനില്ല. പക്ഷെ സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അത് സ്വാഭാവികമായും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും.
ഡബ്ല്യൂ സി സി ഉള്‍പ്പടെയുള്ള സംഘടനകള്‍ക്ക് ഇഷ്ടപ്പെട്ട രാഷ്ട്രീയ നിലപാട് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനെ യു.ഡി.എഫ് ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ അവര്‍ നിരന്തരം ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങള്‍ക്ക് മുന്നിലും സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആ നിലപാടിനൊപ്പമായിരുന്നു യു.ഡി.എഫും. ആരെ രക്ഷപ്പെടുത്താനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒളിച്ചുവയ്ക്കുന്നത്. വലിയ സ്വാധീവും പണവുമുള്ളവര്‍ക്ക് കേരളത്തില്‍ എന്തുമാകാമെന്ന നിലവരുന്നത് ശരിയല്ല. സ്ത്രീകള്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങളിലെ കുറ്റവാളികള്‍ ഏത് കൊമ്പത്തെ ആളാണെങ്കിലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.
പി.സി ജോര്‍ജിനെതിരായ കേസിലും ഉള്‍പ്പെടെ ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അല്ലെങ്കില്‍ എങ്ങനെയാണ് ഒളിവില്‍ കഴിയാനും ഇടക്കാല ജാമ്യം നേടാനുമൊക്കെ കഴിയുന്നത്. ജോര്‍ജിനെ പോലെ ഒരാള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് പോലും അറിയില്ലെങ്കില്‍ ഇന്റലിജന്‍സ് സംവിധാനം പിരിച്ചുവിടാന്‍ മുഖ്യമന്ത്രി തയാറാകണം. എറണാകുളത്ത് പ്രസംഗം നടത്താന്‍ ജോര്‍ജിനെ ക്ഷണിച്ചത് ആരാണെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണം. അറസ്റ്റ് ചെയ്യാതെ മുന്‍കൂര്‍ ജാമ്യം നേടാനുള്ള സാവകാശം സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുകയായിരുന്നു. ജോര്‍ജിനെ കാണാനില്ലെന്നാണ് കമ്മീഷണര്‍ പറഞ്ഞത്. ഇതൊക്കെ നാടകമാണെന്ന് ആര്‍ക്കാണ് അറിയാത്തത്. സി.പി.എമ്മും ജോര്‍ജും തമ്മിലുള്ള ഇടപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും വി ഡി സശീശന്‍ പറഞ്ഞു.