Sorry, you need to enable JavaScript to visit this website.

സ്‌കൂള്‍ വരാന്തയില്‍ കൊലപാതകം; പ്രധാന പ്രതി പിടിയില്‍

തൃശൂര്‍- ഇരിങ്ങാലക്കുടയില്‍  സ്‌കൂള്‍ വരാന്തയില്‍ മധ്യവയസ്‌കനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാന പ്രതി പിടിയില്‍. പത്തനംതിട്ട മല്ലപ്പിള്ളി സ്വദേശി തീക്കോമറ്റം വീട്ടില്‍ വാസുദേവന്റെ മകന്‍ അജയകുമാര്‍ (50) കൊല്ലപ്പെട്ട കേസില്‍ കണ്ണൂര്‍ സ്വദേശി ദീപക്ക് (26) ആണ് പിടിയിലായത്.
ദീപക്കിനെതിരെ വിവിധ സ്‌റ്റേഷനുകളില്‍ മോഷണമടക്കം നിരവധി കേസുകളുണ്ട്.
ഏപ്രില്‍ 13 നാണ് ഇരിങ്ങാലക്കുട ബോയ്‌സ് സ്‌കൂള്‍ വരാന്തയില്‍ മൃതദേഹം കണ്ടെത്തിയത്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഈ കേസില്‍ നേരത്തെ പാലക്കാട് ആലത്തൂര്‍ സ്വദേശി അന്‍വര്‍ അലിയെ (25) അറസ്റ്റു ചെയ്തിരുന്നു.
13ന് രാവിലെ സ്‌കൂള്‍ വരാന്തയില്‍ അബോധാവസ്ഥയില്‍ ഒരാള്‍ കിടക്കുന്നതറിഞ്ഞാണു പോലീസ് എത്തിയത്. ശരീരത്തിലെ ചെറിയ പരിക്കുകള്‍ കണ്ടത് ആദ്യം മുതലേ പോലീസിനു സംശയം ജനിപ്പിച്ചു. പോസ്റ്റുമാര്‍ട്ടത്തില്‍ നെഞ്ചിലും തലയ്ക്കും ഏറ്റ ക്ഷതമാണു മരണകാരണമെന്നു തെളിഞ്ഞിരുന്നു. വീടുമായി വലിയ ബന്ധമില്ലാത്ത അജയകുമാര്‍ കാട്ടൂര്‍ റോഡിലെ ബവ്‌കോ വില്‍പനശാല പരിസരത്താണു കഴിഞ്ഞിരുന്നത്. പൂജാ കടകളില്‍ വില്‍പനയ്ക്കുള്ള സാധനങ്ങള്‍ നല്‍കിയും കളിപ്പാട്ടങ്ങള്‍ വിറ്റുമാണ് ഉപജീവനം നടത്തിയിരുന്നത്. എന്നാല്‍ മരിച്ചയാളുടെ പേരും നാടും ആദ്യഘട്ടത്തില്‍ അറിയാത്തത് അന്വേഷണ സംഘത്തെ കുഴക്കി.
ഇരിങ്ങാലക്കുടയിലെ ഓരോ വ്യാപാരസ്ഥാപനങ്ങളിലും വഴിപോക്കരോടും ടാക്‌സിക്കാരോടും അന്വേഷിച്ച പോലീസ് സംഘം സിസിടിവി കാമറകള്‍ പരിശോധിച്ചു മലപ്പുറം പാലക്കാട് ജില്ലകളില്‍ വരെ എത്തിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇരിങ്ങാലക്കുട സിഐ എസ്.പി. സുധീരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Latest News