ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ പള്ളികളില്‍നിന്ന് എടുത്തുമാറ്റിയ ഉച്ചഭാഷിണികള്‍ സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും സംഭവാന ചെയ്തതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മസ്ജിദുകളിലെ ഉച്ചഭാഷണികളുടെ ശബ്ദം കുറയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസുമായി ബന്ധമുള്ള വാരികകളായ 'പാഞ്ചജന്യ'യും 'ഓര്‍ഗനൈസറും' സംഘടിപ്പിച്ച മാധ്യമ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം കലാപങ്ങളുണ്ടായി. തെരഞ്ഞെടുപ്പ് സമയത്തോ അതിനുശേഷമോ യുപിയില്‍ കലാപങ്ങളൊന്നും ഉണ്ടായിട്ടില്ല. രാമനവമി ആവേശത്തോടെയാണ് ആഘോഷിച്ചത്. ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ സമാധാനപരമായി കടന്നുപോയി. ഇതേ യുപിയിലാണ് ചെറിയ പ്രശ്‌നങ്ങള്‍ നേരത്തെ കലാപത്തിലേക്ക് നയിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ അനധികൃത അറവുശാലകളും അടച്ചുപൂട്ടി. തെരുവുകളിലും വയലുകളിലും അലഞ്ഞുതിരിയുന്ന കന്നുകാലികളെ നേരത്തെ അനധികൃത അറവുശാലകളിലേക്ക് കടത്തിയിരുന്നത്. ഈ വെല്ലുവിളി നേരിടാന്‍ 5,600ലധികം തെരുവ് കന്നുകാലി സങ്കേതങ്ങള്‍ ഉണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.
ചാണകത്തില്‍ നിന്ന് സി.എന്‍.ജി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പുതിയ സംവിധാനം ഒരുക്കി വരികയാണെന്നും കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ ആളുകളില്‍ നിന്ന് വാങ്ങുമെന്നും പശുക്കളെ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞു.
അയോധ്യയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തെക്കുറിച്ചും നവീകരിച്ച കാശി വിശ്വനാഥ ക്ഷേത്ര സമുച്ചയത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സര്‍ക്കാര്‍ ഒരു തീര്‍ഥാടന കേന്ദ്രം വികസിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.