ന്യൂദല്‍ഹി-അനാവശ്യവും ചെലവേറിയതുമാണെന്ന് ചൂണ്ടിക്കാട്ടി താലിബാന്‍ നേതാവ് ഹിബത്തുല്ല അഖുന്ദ്‌സാദ താലിബാന്‍ അംഗങ്ങള്‍ക്കിടയില്‍ ബഹുഭാര്യത്വം നിരോധിച്ചു. ഇതുസംബന്ധിച്ച് അദ്ദേഹം ഉത്തരവ് പുറപ്പെടുവിച്ചതായി കാബൂള്‍ ആസ്ഥാനമായുള്ള ബക്തര്‍ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
അഫ്ഗാനിസ്ഥാനില്‍ ബഹുഭാര്യത്വം വ്യാപകമാണ്. ആദ്യ വിവാഹത്തില്‍ മക്കളില്ലാത്തതാണ് അഫ്ഗാന്‍ പുരുഷന്മാര്‍ ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുന്നതിനുള്ള പ്രധാന കാരണമെന്ന് വിലയിരുത്തുന്നു.
അതേസമയം, താലിബാന്‍ അംഗങ്ങള്‍ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും വിവാഹങ്ങള്‍ ഒഴിവാക്കണമെന്ന് ഹിബത്തുല്ല അഖുന്ദ്‌സാദ ഊന്നിപ്പറയുന്നു. നിയമലംഘകരെ തിരിച്ചറിയാനും നേതൃത്വത്തിന് റിപ്പോര്‍ട്ട് ചെയ്യാനും ഉത്തരവില്‍ നന്മകല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന അംര്‍ഉല്‍മറൂഫ് മന്ത്രാലയത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ ഭാവി സംബന്ധിച്ച് 2021 ജനുവരിയില്‍ സമാധാന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ താലിബാന്‍ സമാനമായ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സ്ത്രീധനത്തിലൂടെ പണം സ്വരൂപിക്കാന്‍ ശ്രമിക്കുന്ന അംഗങ്ങളെ താക്കീത് ചെയ്തുകൊണ്ടായിരുന്നു അത്.
വിവാഹ ചടങ്ങുകള്‍ക്കായി ഭീമമായ തുക ചെലവഴിക്കുന്നത് എതിരാളികളില്‍ നിന്നും ഗ്രൂപ്പിനുള്ളില്‍നിന്നും വിമര്‍ശനത്തിന് ഇടയാക്കുമെന്നും താലിബാന്‍ നേതൃത്വം ചൂണ്ടിക്കാട്ടി.
താലിബാന്‍ അംഗങ്ങള്‍ക്കിടയില്‍ ബഹുഭാര്യത്വം സാധാരണമായിരുന്നു. മിക്ക മുതിര്‍ന്ന അംഗങ്ങള്‍ക്കും ഒന്നിലധികം ഭാര്യമാരുണ്ട്. ഗ്രൂപ്പിന്റെ സ്ഥാപകനായ മുല്ല മുഹമ്മദ് ഉമറിന് മൂന്ന് ഭാര്യമാരെങ്കിലും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇവരില്‍ ഒരാള്‍ ഉസാമ ബിന്‍ ലാദന്റെ മകളാണ്്.