ചമ്പാവത്ത്- ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ ഉച്ചഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതിന്റെ കാരണം ജാതിയല്ലെന്നും ചോറിനോടുള്ള ഇഷ്ടക്കേടാണെന്നും വിശദീകരിച്ച് രക്ഷിതാക്കള്‍.
ജില്ലാ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെയാണ് ഇവര്‍ ഇക്കാര്യം അറിയിച്ചതെന്ന് ചമ്പാവത്ത് ചീഫ് എജുക്കേഷന്‍ ഓഫീസര്‍ ജിതേന്ദ്ര സക്‌സേന വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ചമ്പാവത്ത് ജില്ലാ മജിസ്‌ട്രേറ്റ്, തനക്പൂര്‍ സബ് കലക്ടര്‍ എന്നിവരോടൊപ്പം സ്‌കൂളില്‍ പോയിരുന്നുവെന്നും അവിടെ വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച് പ്രതിഷേധിച്ചതിന്റെ കാരണം രക്ഷിതാക്കളോട് അന്വേഷിച്ചതായും സക്‌സേന പറഞ്ഞു.
ഉച്ചഭക്ഷണമായി പരിപ്പും പച്ചക്കറികളും ചോറുമാണ് ലഭിക്കുന്നതെന്നും കുട്ടികള്‍ വീട്ടില്‍ പോലും ചോറ് കഴിക്കാറില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞതായി അദ്ദേഹം പറഞ്ഞു.
ചോറ് കഴിക്കുന്നില്ലെങ്കില്‍, പയറും പച്ചക്കറികളും കഴിക്കണമെന്നും സ്‌കൂളില്‍ എല്ലാവരുമൊത്ത് ഇരുന്ന് തന്നെ ഭക്ഷണം കഴിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഞങ്ങള്‍ ഉദ്യോഗസ്ഥരും സ്‌കൂള്‍ പ്രിന്‍സിപ്പലിനും കുട്ടികള്‍ക്കുമൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ജില്ലയില്‍ പെരുമാറ്റച്ചട്ടം നിലവിലുണ്ടെന്നും അത് നീക്കിയ ശേഷം വിശദീകരണം കുട്ടികളില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയെന്ന് വീണ്ടും പരിശോധിക്കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞതായി സക്‌സേന പറഞ്ഞു.
ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സ്‌കൂളിലെ എട്ട് വിദ്യാര്‍ത്ഥികള്‍ സുനിതാ ദേവി എന്ന ദളിത് സ്ത്രീ പാകം ചെയ്ത ഉച്ചഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതാണ് വിവാദമായത്. ചമ്പാവത്ത് ജില്ലയിലെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രേം സിംഗ് സംഭവം സ്ഥിരീകരിച്ചിരുന്നു. കുട്ടികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കുമെന്ന് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും പ്രിന്‍സിപ്പല്‍ പറഞ്ഞു.
സ്‌കൂളില്‍ ഇത് ആദ്യ സംഭവമല്ല. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13ന് ഇതേ സ്‌കൂളില്‍ ഉന്നത ജാതിയില്‍പ്പെട്ട 66 വിദ്യാര്‍ഥികള്‍ ദളിത് സ്ത്രീയായ സുനിത പാകം ചെയ്ത ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചിരുന്നു. ഇതിനു പിന്നാലെ നിയമന നടപടിക്രമങ്ങളിലെ പിഴവുകള്‍ ചൂണ്ടാക്കാട്ടി ഉദ്യോഗസ്ഥര്‍ സുനിതയെ പിരിച്ചുവിട്ടു. ഉയര്‍ന്ന ജാതിയില്‍പ്പെട്ട പുതിയ പാചകക്കാരനെ നിയമിച്ചത് മറ്റൊരു ബഹിഷ്‌കരണത്തിലേക്ക് നയിച്ചു.
തന്നെ പിരിച്ചുവിട്ടതിനെതിരെ എസ്‌സി/എസ്ടി നിയമ പ്രകാരവും ഐപിസി സെക്ഷന്‍ 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) പ്രകാരവും സുനിത പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം ഇവരെ തിരികെ എത്തിച്ചത്.