ന്യൂദല്‍ഹി- ഹിന്ദുത്വ നേതാവ് യതി നരസിംഹാനന്ദിന് വിദ്വേഷ പ്രചാരണം മതിയായി. മതത്തിന്റെ രാഷ്ട്രീയത്തില്‍നിന്ന് താന്‍ വിരമിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. രാജ്യത്ത് തുടര്‍ച്ചയായി വിദ്വേഷ പ്രസ്താവനകള്‍ നടത്തി വിവാദങ്ങള്‍ സൃഷ്ടിച്ച നരസിംഹാനന്ദിന്റെ പ്രഖ്യാപനം തീര്‍ത്തും അപ്രതീക്ഷിതമാണ്.
ഉത്തര്‍പ്രദേശ് ശിയാ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്ന ജിതേന്ദ്ര ത്യാഗി എന്ന വസീം റിസ്‌വിയെ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ജയിലില്‍ അടച്ചപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാതിരുന്നതിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് മറ്റു സന്യാസിമാരോടൊപ്പം പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ നരസംഹാനന്ദ് പറഞ്ഞു. ഹിന്ദു മതം സ്വീകരിച്ച വസീം റിസ് വിയെ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ നാല് മാസമാണ് ജയിലിലടച്ചത്.
താന്‍ ഇതുവരെ പറഞ്ഞ കാര്യങ്ങളില്‍ യതി നരസിംഹാനന്ദ് മാപ്പ് ചോദിക്കുന്നുമുണ്ട്. ശിഷ്ടകാലം മുഴുവന്‍ ശിവനുവേണ്ടി സമര്‍പ്പിക്കുമെന്നും അദ്ദേഹം പറയുന്നു.
ഹിന്ദു സഹോദരീസഹോദരന്മാരുടെ പ്രതികരണത്തില്‍ താന്‍ വളരെ നിരാശനാണെന്ന് മെയ് 20 ന് യതി നരസിംഹാനന്ദ് യുട്യൂബില്‍ നടത്തിയ മറ്റൊരു തത്സമയ പരിപാടിയില്‍ പറയുന്നു. വിരമിക്കലിനെ കുറിച്ചുള്ള ചോദ്യത്തിനാണ് ഹിന്ദുക്കളില്‍ നിരാശനാണെന്ന മറുപടി നല്‍കിയത്. 33 തവണ ഞാന്‍ ജയിലില്‍ പോയിട്ടുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി ഞാന്‍ ഹിന്ദു രാഷ്ട്രത്തിന് വേണ്ടി പോരാടുകയാണ്. എന്നാല്‍ എന്റെ ഹിന്ദു സഹോദരീസഹോദരന്മാര്‍ ഗൗരവത്തിലെടുക്കുന്നില്ല- അദ്ദേഹം പറഞ്ഞു.
മുസ്ലീങ്ങള്‍ക്കെതിരായ യുദ്ധം സോഷ്യല്‍ മീഡിയയിലൂടെ നടത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം നടത്താന്‍ സോഷ്യല്‍ മീഡിയ ശരിയായ ഉപകരണമല്ല. അവര്‍ (ഹിന്ദുക്കള്‍) പോലീസിനെതിരെയോ സര്‍ക്കാരിനെതിരെയോ ആയുധമെടുക്കാത്തിടത്തോളം കാലം എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല-യതി പറഞ്ഞു.
ആരാധനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സോഷ്യല്‍ മീഡിയയിലെത് വ്യാജ പിന്തുണയാണെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ 25 വര്‍ഷമായി, രാജ്യത്ത് ശക്തമായ പിന്തുണ നേടിയെടുക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. അവര്‍ക്ക് (ഹിന്ദുക്കള്‍ക്ക്) പ്രശ്‌നം മനസ്സിലാക്കിക്കൊടുക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. അതുകൊണ്ട് ഞങ്ങള്‍ ശിവനെ ആരാധിക്കാന്‍ തീരുമാനിച്ചു. ഞാന്‍ എന്താണ് പറയാന്‍ ശ്രമിച്ചതെന്ന് ഹിന്ദു സഹോദരങ്ങള്‍ മനസിലാക്കുമെന്നും സനാതന ജീവിതത്തിന് എതിരായവര്‍ക്കെതിരെ പോരാടുമെന്നും പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.