Sorry, you need to enable JavaScript to visit this website.

എനിക്കിത് സഹിക്കാനാവുന്നില്ല,  വിസ്മയയുടെ  ശബ്ദ സന്ദേശം പുറത്ത് 

കൊല്ലം- വിസ്മയ കേസില്‍ നാളെ വിധിവരാനിരിക്കെ ഭര്‍ത്താവ് കിരണ്‍ കുമാറില്‍ നിന്ന് നേരിട്ട ക്രൂര പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തുന്ന വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് നിലമേല്‍ സ്വദേശിനി വിസ്മയ ജീവനൊടുക്കിയത്. അച്ഛന്‍ ത്രിവിക്രമന്‍ നായരുമായുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തു വന്നത്.  ഭര്‍ത്താവ് കിരണ്‍ കുമാര്‍ മര്‍ദ്ദിച്ചിരുന്നുവെന്ന് കരഞ്ഞുകൊണ്ട് അച്ഛനോട് വിസ്മയ പറയുന്ന ഭാഗമാണ് പുറത്തു വന്നിരിക്കുന്നത്. 'എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല അച്ഛാ, ഇവിടെ നിര്‍ത്തിയിട്ട് പോയാല്‍ എന്നെ കാണില്ല, എനിക്ക് അങ്ങോട്ട് വരണം, കിരണ്‍ കുമാര്‍ മര്‍ദിക്കുന്നു. പേടിയാകുന്നു, ഞാന്‍ എന്തെങ്കിലും ചെയ്യും'  വിസ്മയ കരഞ്ഞു പറയുന്നു. 
കിരണ്‍കുമാറിന്റെ ഫോണ്‍ സൈബര്‍ പരിശോധനയ്ക്കയച്ചതില്‍ റെക്കോര്‍ഡ് ചെയ്തിരുന്ന സംഭാഷണങ്ങള്‍ കണ്ടെത്തിയിരുന്നു. സ്ത്രീധനം സംബന്ധമായി നടത്തിയതുള്‍പ്പെടെ വിസ്മയയുമായുള്ള സംഭാഷണങ്ങള്‍ കോടതിയില്‍ തെളിവായി ഹാജരാക്കി.
കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് നാളെ കേസില്‍ വിധി പ്രസ്താവിക്കുക. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേരളത്തിന്റെ മനഃസാക്ഷിയെ ഉലച്ച കേസില്‍ കോടതി വിധി പറയുന്നത്. ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് 2021 ജൂണ്‍ 21ന് ഭര്‍ത്തൃ ഗൃഹത്തില്‍ വിസ്മയ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും പീഡിപ്പിച്ചതായാണ് കേസ്.
2020 മേയ് 30നാണ് ബിഎഎംഎസ് വിദ്യാര്‍ഥിനിയായിരുന്ന വിസ്മയയെ മോട്ടോര്‍വാഹനവകുപ്പില്‍ എഎംവിഐ ആയിരുന്ന കിരണ്‍ കുമാര്‍ വിവാഹം കഴിച്ചത്. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീധനം ആവശ്യപ്പെടല്‍ എന്നീ കുറ്റകൃത്യങ്ങള്‍ കിരണ്‍ കുമാര്‍ ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം.


 

Latest News