ന്യൂദല്‍ഹി- അപകീര്‍ത്തിക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അയച്ച മാപ്പപേക്ഷ ധനമന്ത്രി അരുണ്‍ജെയ്റ്റ്ലി സ്വീകരിച്ചു. കേസ് അവസാനിപ്പിക്കുന്നതിന് ഇരുവരും ദല്‍ഹി പട്യാല കോടതിയില്‍ സംയുക്ത ഹരജി നല്‍കി. കെജ്രിവാളിനും എ.എ.പി നേതാക്കള്‍ക്കുമെതിരെ 10 കോടി രൂപയുടെ അപകീര്‍ത്തിക്കേസാണ് ധനമന്ത്രി ഫയല്‍ ചെയ്തിരുന്നത്.
കഴിഞ്ഞ ഡിസംബറിലാണ് കെജ്രിവാള്‍ അരുണ്‍ജെയ്റ്റ്ലിക്കെതിരെ ആരോപണം ഉന്നയിച്ചത്. ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ തലവനായിരിക്കെ അരുണ്‍ ജെയ്റ്റ്ലി അഴിമതി നടത്തിയെന്നായിരുന്നു ആരോപണം.
വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരാണ് നമ്മള്‍ രണ്ടുപേരുമെങ്കിലും രണ്ട് പേര്‍ക്കുമിടയില്‍ നീരസം തുടര്‍ന്ന് കൊണ്ട് പോവാന്‍ താല്‍പര്യപ്പെടുന്നില്ല. പിണക്കം മറന്ന് ജനങ്ങളെ സേവിക്കാന്‍ കൂടുതല്‍ സജീവമായി ഇടപെടാമെന്ന് കെജ്രിവാള്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ചില തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്നും അതില്‍ വസ്തുതയില്ലെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ പിന്‍വലിക്കുന്നതെന്നും കെജ്രിവാള്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
മാനനഷ്ടക്കേസ് ഒഴിവാക്കാന്‍ മുന്‍ പഞ്ചാബ് മന്ത്രി ബിക്രം സിങ് മാജീദിയ, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരോടും കെജ്രിവാള്‍ മാപ്പ് പറഞ്ഞിരുന്നു.