ന്യൂദല്‍ഹി- പട്ടിക വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള 1989-ലെ എസ് സി എസ് ടി നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിച്ച സുപ്രീം കോടതി ഉത്തരവില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ദലിത് സംഘടനകള്‍ നടത്തുന്ന ഭാരത് ബന്ദില്‍ വ്യാപക അതിക്രമങ്ങള്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘര്‍ഷം ആളിപ്പടരുകയാണ്. മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലായി ഏഴു പേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷം കേന്ദ്ര ആഭ്യന്തര വകുപ്പ് നിരീക്ഷിച്ചു വരികയാണ്. സംഘര്‍ഷം തടയാന്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മധ്യപ്രദേശിലെ ഗ്വാളിയോര്‍, ഭിന്ദ്, മൊറെന, സാഗര്‍ എന്നീ നഗരങ്ങളില്‍ സംഘര്‍ഷം രൂക്ഷമായി. ദലിത് സംഘടനാ പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇവിടങ്ങളില്‍ അധികൃതര്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.
ഗ്വാളിയോറില്‍ പോലീസ് വെടിവയ്പ്പില്‍ രണ്ടു പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മൊറെനയില്‍ ഒരാള്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭിന്ദിലുണ്ടായ സംഘര്‍ഷത്തില്‍ മറ്റൊരാളും കൊല്ലപ്പെട്ടതോടെ മധ്യപ്രദേശിലെ മരണ സംഖ്യ നാലായി.
ഗുജറാത്തിലും വ്യാപക അതിക്രമങ്ങള്‍ അരങ്ങേറി. സൗരാഷ്ട്രയിലെ ഭാവ്‌നഗര്‍, അംറേലി, ഗിര്‍ സോമനാഥ് ജില്ലകളില്‍ ആക്രമോത്സുക പ്രതിഷേധവുമായി ജനം തെരുവ് കയ്യടക്കി. രാജ്‌കോട്ടില്‍ ഒരു മൊബൈല്‍ കമ്പനിയുടെ ഷോറൂം തച്ചുതകര്‍ക്കുകയും ക്രിസ്റ്റല്‍ മാള്‍ അടപ്പിക്കുകയും ചെയ്തു. ജുനഗഡ് ജില്ലയില്‍ ഗുജറാത്ത് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസും പ്രതിഷേധക്കാര്‍ തകര്‍ത്തു.
ഉത്തര്‍ പ്രദേശിലെ അസംഗഡില്‍ സര്‍ക്കാര്‍ ബസ് പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. ദല്‍ഹിയില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയ ദലിതര്‍ പലയിടത്തും റോഡു തടഞ്ഞത് ട്രാഫിക് തടസ്സമുണ്ടാക്കി. പ്രതിഷേധക്കാര്‍ തമ്പടിക്കാന് സാധ്യതയുള്ള മേഖലയിലെല്ലാം പോലീസ് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. ഫരീദാബാദില്‍ പ്രതിഷേധക്കാരായ ജനക്കൂട്ടം നടത്തിയ കല്ലേറില്‍ രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റു. പഞ്ചാബിലും സംഘര്‍ഷം തുടരുകയാണ്. ബിഹാറിലും ജാര്‍ഖണ്ഡിലും പ്രതിഷേധങ്ങള്‍ അരങ്ങേറി.