ന്യൂദല്‍ഹി-ഹിമാചല്‍ പ്രദേശിലെ ഇന്ത്യ-ചൈന അതിര്‍ത്തി നിയന്ത്രണ രേഖയില്‍ കാവല്‍ നില്‍ക്കുന്നതിനിടെ 2009-ല്‍ നദിയില്‍ വീണു കാണാതായ സൈനികന്റെ കുടുംബത്തിന് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തടയുന്നു. സൈനികന്‍ മരിച്ചെന്നതിന് തെളിവുകളില്ലെന്നും അതിനാല്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാനാവില്ലെന്നുമാണ് ഇതാവശ്യപ്പെട്ട് സേനയെ സമീപിച്ച സൈനികന്റെ അമ്മയോട് പ്രതിരോധ അക്കൗണ്ട്‌സ് വിഭാഗം പറഞ്ഞത്. അതിര്‍ത്തിയില്‍ പട്രാള്‍ നടത്തുന്നതിനെ ചെങ്കുത്തായ പര്‍വ്വതമേഖലയില്‍ കുത്തൊഴുക്കുള്ള നദിയില്‍ വീണു മരിച്ച സൈനികന്റെ കുടുംബത്തോടാണ് അധികൃതരുടെ അവഗണന. തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. മൃതദേഹം കണ്ടെടുക്കാന്‍ സാധ്യമല്ലാത്ത ഭൂപ്രദേശത്താണ് അപകടമുണ്ടായത്. തുടര്‍ന്ന് മരിച്ചെന്നു സേന ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ അക്കൗണ്ട് വിഭാഗം സൈനികനെ കാണാതായതാണ് എന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ്. മരിച്ചുവെന്ന് സ്ഥിരീകരിച്ചിിട്ടില്ലെന്നും അതു കൊണ്ട് പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കാനാവില്ലെന്നും അധികൃതര്‍ പറയുന്നു.
ഒടുവില്‍ നിയമസഹായം തേടി മരിച്ച സൈനികന്റെ അമ്മ ഹിമാചല്‍ സ്വദേശിയായ കമല ദേവി സായുധ സേനാ ട്രൈബ്യൂണലിന്റെ ചണ്ഡീഗഡ് ബെഞ്ചില്‍ പരാതി നല്‍കുകയായിരുന്നു. ജമ്മു കശമീര്‍ റൈഫിള്‍സിലെ റൈഫിള്‍മാന്‍ റിങ്കു റാം ആണ് 2009 നവംബറില്‍ അപകടത്തില്‍ മരിച്ചത്. മൃതദേഹം വീണ്ടെടുക്കല്‍ അസാധ്യമായതിനെ തുടര്‍ന്ന് കരസേന റിങ്കു റാം മരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. യുദ്ധപ്പരിക്ക് എന്ന ഗണത്തിലുള്‍പ്പെടുത്തിയാണ് സൈനികന്റെ മരണ സര്‍ട്ടിഫിക്കറ്റ് സൈന്യം നല്‍കിയത്. മുങ്ങിമരണം, വെള്ളപ്പൊക്ക മരണം തുടങ്ങിയ അപകട മരണങ്ങളെല്ലാം സൈനിക ചട്ടപ്രകാരം യുദ്ധപ്പരിക്കായാണ് പരിഗണിക്കുക.
എന്നാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കാനായി 2009 മുതല്‍ മതാപിതാക്കള്‍ നിരവധി ഓഫീസുകള്‍ കയറിയിറങ്ങിയാണ് ഒടുവില്‍ സൈനിക കോടതിയിലെത്തിയത്. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ അലഹാബാദിലെ പ്രിന്‍സിപ്പല്‍ കണ്‍ട്രാളര്‍ ഓഫ ഡിഫന്‍സ് അക്കൗണ്ട്‌സിലേക്ക് അയച്ചെങ്കിലും സൈനികന്റെ മൃതദേഹം കണ്ടെത്തിയിട്ടില്ലെന്നതിനാല്‍ മരിച്ചതായി പരിഗണിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി തള്ളുകയായിരുന്നു. പിന്നീട് തുടര്‍ച്ചയായി വിവിധ ഓഫീസുകളും തുടര്‍ച്ചയായി വന്ന സൈനിക മേധാവികള്‍ക്കും അപേക്ഷ നല്‍കിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. സേവനത്തിലിരിക്കെ മരിക്കുന്ന സൈനികരുടെ ബന്ധുക്കള്‍ക്ക് നല്‍കുന്ന അടിയന്തര നഷ്ടപരിഹാരത്തുക പോലും അനുവദിച്ചില്ല.
അതിര്‍ത്തിയില്‍ ചൈനയിലേക്കൊഴുകുന്ന നദിയിലേക്കാണ് സൈനികന്‍ വീണത്. ഇവിടെ തിരച്ചില്‍ അസാധ്യമാണ്. ബന്ധുക്കള്‍ തന്നെ നദിയില്‍ ചാടി മൃതദേഹം പുറത്തെടുത്ത് കാണിച്ചാല്‍ മാത്രമെ നഷ്ടപരിഹാരം നല്‍കൂ എന്ന് സൈന്യം വാശിപിടിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് നിയമ വിദഗ്ധര്‍ പറയുന്നു.