ന്യൂദല്‍ഹി- ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നല്‍കിയ ഹരജിയിലാണ് നോട്ടീസ്. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, എ.എസ്. ബൊപ്പണ്ണ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
കള്ളപ്പണ ഇടപാടില്‍ ബിനീഷിനെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് ഇ.ഡിക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ് വാദിച്ചു. വരവില്‍ കവിഞ്ഞ സ്വത്തുക്കളുടെ സ്രോതസ് വ്യക്തമാക്കാന്‍ ബിനീഷിന് കഴിഞ്ഞിട്ടില്ലെന്നാണ് ഇ.ഡിയുടെ വാദം. ഐ.ഡി.ബി.ഐ., എച്ച്.ഡി.എഫ്.സി., എസ്.ബി.ഐ, ഫെഡറല്‍ ബാങ്ക് എന്നിവയിലെ നിക്ഷേപങ്ങളുടെ സ്രോതസ് വ്യക്തമാക്കിയിട്ടില്ല. അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച ചിലര്‍ ചോദ്യംചെയ്യലിന് ഇതുവരെ ഹാജരായിട്ടില്ലെന്നും ഇ.ഡി. ആരോപിക്കുന്നു.