ഹൈദരാബാദ്- രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ കലാപം വര്‍ധിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബി.ജെ.പി സര്‍ക്കാരിനുമാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി ആരോപിച്ചു. പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി, താങ്കള്‍ക്കാണ് ഉത്തരവാദിത്തം. നിങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. നിങ്ങളുടെ സര്‍ക്കാര്‍ പരാജയപ്പെട്ടു, നിങ്ങള്‍ മിണ്ടാതിരിക്കുന്നു. ഇനിയെങ്കിലും നിങ്ങള്‍ ഇതിനെ അപലപിക്കുമോ- ഉവൈസി ചോദിച്ചു. ഭരണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളിലും ബി.ജെ.പി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും വാളുകള്‍ വില്‍ക്കുന്ന പകോഡ സ്റ്റാളുകള്‍ പ്രോത്സാഹിപ്പിക്കുന്നതാണ് ഇതിലും ഭേദമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പശ്ചിമബംഗാള്‍ സര്‍ക്കാര്‍ മതേതരമാണെങ്കില്‍ പിന്നെ എന്തുകൊണ്ട് വര്‍ഗീയ കലാപങ്ങള്‍ നടക്കുന്നുവെന്ന് മമതാ ബാനര്‍ജിയെ വിമര്‍ശിച്ചുകൊണ്ട് ഉവൈസി ചോദിച്ചു. ബംഗാള്‍ ഗവര്‍ണര്‍ കലാപം നടന്ന അസന്‍സോള്‍ സന്ദര്‍ശിച്ചപ്പോള്‍ മുസ്്‌ലിംകളെ കാണാന്‍ കൂട്ടാക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഭാഗീയത കാണിക്കുന്ന ഗവര്‍ണര്‍, സ്ഥാനത്തു തുടരുന്നത് ഭരണഘടനാ വിരുദ്ധമാണ്. ബിഹാറിലെ വിവിധ സ്ഥലങ്ങളിലുണ്ടായ മുസ്ലിം വിരുദ്ധ കലാപത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനു കഴിയില്ലെന്നും ഉവൈസി പറഞ്ഞു.
പരാജയം സമ്മതിക്കാന്‍ മോഡി തയാറാകണമെന്ന് സിബിഎസ്ഇ പരീക്ഷാ വിഷയം ചൂണ്ടിക്കാട്ടിയും ഉവൈസി ആവശ്യപ്പെട്ടു. ഊണും ഉറക്കവുമൊഴിച്ചാണ് 15-16 മണിക്കൂര്‍ പഠിച്ച് വിദ്യാര്‍ഥികള്‍ പഠിച്ച് പരീക്ഷക്കു തയാറെടുക്കുന്നത്. അപ്പോഴാണ് ചോദ്യപേപ്പര്‍ ചോരുന്നത്. മോഡി സര്‍ക്കാര്‍ എല്ലാ മേഖലയിലും സമ്പൂര്‍ണ പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു.