കൊല്‍കത്ത- രാമനവമി ആഘോഷത്തോടനുബന്ധിച്ച് പശ്ചിമ ബംഗാളില്‍ ബിജെപിയും സംഘപരിവാറും നടത്തിയ വ്യാപക വര്‍ഗീയ കലാപത്തിനിടെ വെസ്റ്റ് ബര്‍ദ്വാന്‍ ജില്ലയില്‍ ഭിക്ഷാടനം നടത്തി ഉപജീവനം നടത്തുന്ന അന്ധ മുസ്ലിം ദമ്പതികളെ ഹിന്ദുത്വ തീവ്രവാദികള്‍ തടഞ്ഞു ജയ്് ശ്രീ റാം വിളിപ്പിച്ചു. റാണിഗഞ്ചിലും അസന്‍സോളിലും വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെടുന്നതിനു തൊട്ടുമുമ്പത്തെ ദിവസമാണ് അന്ദലില്‍ വൃദ്ധ ദമ്പതികള്‍ക്കു നേരെ അതിക്രമമുണ്ടായത്.
ഭിക്ഷ യാചിച്ച് അന്ദലില്‍ എത്തിയ അന്ധ ദമ്പതികളായ അബുല്‍ ബഷര്‍ എന്ന 67-കാരനും ഭാര്യ ബെദാന ബിബി എന്ന 61-കാരിക്കുമാണ് ഹിന്ദുത്വ തീവ്രവാദികളുടെ അധിക്ഷേപം നേരിടേണ്ടി വന്നത്. പ്രദേശത്തെത്തിയ ഇവരെ ഒരു സംഘം ഹിന്ദുത്വവാദികള്‍ തടഞ്ഞു നിര്‍ത്തി കാവിക്കൊടി പിടിപ്പിക്കുകയും ഭീഷണിപ്പെടുത്തി ജയ് ശ്രീ റാം, ജയ് മാ താരാ... എന്നു വിളിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണിപ്പോള്‍.
ഭിര്‍ഭും, ബുര്‍ധ്വാന്‍ ജില്ലകളിലെ പലയിടങ്ങളിലും ഭിക്ഷയാചിച്ച് നടക്കാറുള്ള തങ്ങള്‍ അന്ദലിലെത്തിയപ്പോഴാണ് ദുരനുഭവമുണ്ടായതെന്ന് ഇവര്‍ പറയുന്നു. ആദ്യം തൊപ്പി തട്ടിയെടുക്കുകയും ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ പ്രവേശിച്ചാല്‍ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തി തന്നെയും ഭാര്യയേയും മര്‍ദ്ദിച്ചുവെന്നും ബശര്‍ പറയുന്നു. കാഴ്ചയില്ലാത്തതിനാല്‍ അറിയാതെ വന്നുപെട്ടതാണെന്നും വെറുതെ വിടണമെന്നും കേണപേക്ഷിച്ചെങ്കിലും അവര്‍ മര്‍ദ്ദനം അവസാനിപ്പിച്ചില്ലെന്നും ബശര്‍ പറയുന്നു. ഭാര്യ ജീവനുവേണ്ടി കേണെങ്കിലും അവര്‍ ചെവികൊണ്ടില്ല. മോചിപ്പിക്കുന്നതിനു പകരം നിര്‍ബന്ധപൂര്‍വ്വം തങ്ങളെ ജയ് ശ്രീ റാം വിളിപ്പിക്കുകയായിരുന്നെന്നും ബശര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇവിടെ വര്‍ഗീയ സംഘര്‍ഷം നടക്കുന്നത് അറിഞ്ഞിരുന്നെങ്കില്‍ ഇവിടെ പോകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസില്‍ പരാതിപ്പെട്ടാല്‍ കൂടുതല്‍ പ്രശ്‌നമാകുമെന്ന് ഭയന്ന് പരാതി നല്‍കിയില്ലെന്ന് ബശറിന്റെ ഭാര്യ പറഞ്ഞു.