Sorry, you need to enable JavaScript to visit this website.

രണ്ട് പോലീസുകാരുടെ മരണം; പന്നിക്കെണി വെച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു

ഫോറന്‍സിക് വിഭാഗം തെളിവെടുപ്പ് നടത്തുന്നു.

പാലക്കാട്- മുട്ടിക്കുളങ്ങര കെഎപി രണ്ടാം ബറ്റാലിയനിലെ രണ്ട് പോലീസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വൈദ്യുതി കെണിവെച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടിക്കുളങ്ങര വാര്‍ക്കാട് തോട്ടക്കര വീട്ടില്‍ സുരേഷി (49)നെയാണ് ഹേമാംബിക നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വീട്ടുപറമ്പില്‍ കാട്ടുപന്നിയെ പിടിക്കാനായി ഒരുക്കിയ വൈദ്യുത കെണിയില്‍ അതുവഴി മീന്‍ പിടിക്കാനിറങ്ങിയ പോലീസുകാര്‍ കുടുങ്ങിയെന്നാണ് പോലീസ് കണ്ടെത്തല്‍. കാട്ടുപന്നിയെ വൈദ്യുതി കെണിവെച്ച് പിടിച്ചതിന് സുരേഷിനെതിരെ വനംവകുപ്പ് കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.


കെ.എ.പി ക്യാമ്പിലെ ഹവില്‍ദാര്‍മാരായ എലവഞ്ചേരി കുളമ്പളക്കോട് കുഞ്ഞുവീട്ടില്‍ മാരിമുത്തുചെട്ടിയാരുടെ മകന്‍ അശോക് കുമാര്‍ (35), തരൂര്‍ അത്തിപ്പൊറ്റ കുണ്ടുപറമ്പ് വീട്ടില്‍ പരേതനായ കെ.സി. മാങ്ങോടന്റെ മകന്‍ എം മോഹന്‍ദാസ് (36) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെ ക്യാമ്പിന് പുറകുവശത്തുള്ള വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇരുവരുടെയും മരണകാരണം ഷോക്കേറ്റതാണെന്ന് തെളിഞ്ഞു.


ക്യാമ്പിന്റെ ചുറ്റുമതിലിന് പുറകില്‍ 200 മീറ്റര്‍ അകലെയാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. രണ്ട് മൃതദേഹങ്ങളും തമ്മില്‍ ഏകദേശം 60 മീറ്ററോളം അകലമുണ്ടായിരുന്നു. ഇരുവരുടെയും ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും കണ്ടിരുന്നു. ഇരുവരുടെയും കൈകളിലാണ് കാര്യമായി പൊള്ളലേറ്റിരുന്നത്. സംഭവസ്ഥലത്തെ സാഹചര്യതെളിവുകള്‍ പരിശോധിച്ച് വ്യാഴാഴ്ച തന്നെ വാര്‍ക്കാടുള്ള സുരേഷ് ഉള്‍പ്പെടെ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യംചെയ്യലില്‍ പങ്കില്ലെന്ന് കണ്ടവരെ വിട്ടയച്ചാണ് സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.


ബുധനാഴ്ച വൈകീട്ട് സുരേഷ് പന്നിയെ പിടികൂടാനായി വീടിന് സമീപമുള്ള വാഴത്തോട്ടത്തില്‍ വൈദ്യുതി കെണി സ്ഥാപിച്ചിരുന്നു. പുലര്‍ച്ചെ ഒന്നരയോടെ കെണിയില്‍ പന്നി കുടുങ്ങിയതായി സംശയിച്ച് നോക്കാനെത്തിയപ്പോഴാണ് രണ്ടുപേര്‍ കുടുങ്ങി മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് വൈദ്യുതി ലൈന്‍ ഓഫ് ചെയ്ത് മരിച്ചവരില്‍ ഒരാളെ എടുത്ത് വാഴത്തോട്ടത്തിനോട് ചേര്‍ന്നുള്ള മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള വയലില്‍ കൊണ്ടിട്ടു. ഭാരക്കൂടുതല്‍ ഉണ്ടായിരുന്നതിനാല്‍ മോഹന്‍ദാസിനെ ഒറ്റചക്രമുള്ള ഇരുമ്പ് കൈവണ്ടിയില്‍ കയറ്റി വയലില്‍ മറ്റൊരിടത്തും കൊണ്ടിടുകയായിരുന്നു എന്നാണ് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് പറയുന്നത്.


പോലീസുകാര്‍ രാത്രി മീന്‍ പിടിക്കാനിറങ്ങിയെന്നാണ് എസ്.പി. വിശദീകരിക്കുന്നത്. ക്യാമ്പിന്റെ ചുറ്റുമതിലില്‍ നിന്നും സുരേഷിന്റെ പറമ്പിലേക്ക് ഇറങ്ങി പാടത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായതെന്നു പോലീസ് പറയുന്നു. വീട്ടില്‍ നിന്നും വൈദ്യുത കെണിയിലേക്ക് കണക്ഷന്‍ നല്‍കാന്‍ വലിച്ചതെന്ന് കരുതുന്ന വയര്‍ വീടിനോട് ചേര്‍ന്നുള്ള നിലവില്‍ വിറകുപുരയായി ഉപയോഗിക്കുന്ന പഴയതൊഴുത്തില്‍ നിന്നും തെളിവെടുപ്പില്‍ കണ്ടെത്തി.

മൃതദേഹം വയലിലൂടെ കൊണ്ടുപോകാന്‍ ഉപയോഗിച്ച ഒരുചക്രമുള്ള തള്ളുവണ്ടിയിലും ഫോറന്‍സിക് വിഭാഗം തെളിവെടുപ്പ് നടത്തി. ക്യാമ്പിനകത്തെ നീന്തല്‍കുളത്തില്‍ നിന്നും വൈദ്യുത കെണി ഒരുക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിചുരുളുകളും കണ്ടെടുത്തിട്ടുണ്ട്.


ഹേമാംബിക നഗര്‍ ഇന്‍സ്‌പെക്ടര്‍ എ സി വിപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സുരേഷിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 304 വകുപ്പുപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

Latest News