ന്യൂദൽഹി- വഞ്ചന കേസിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് തൊട്ടുപിന്നാലെ ഉത്തർപ്രദേശിലെ സീതാപൂർ ജയിലിൽ നിന്ന് മുതിർന്ന സമാജ്വാദി പാർട്ടി നേതാവ് അസം ഖാൻ മോചിതനായി. അസംഖാന്റെ മകനും എം.എൽ.എയുമായ അബ്ദുല്ല അസം, പ്രഗതിഷീൽ സമാജ്വാദി പാർട്ടി (ലോഹ്യ) നേതാവ് ശിവപാൽ സിംഗ് യാദവ് തുടങ്ങിയ നിരവധി അനുയായികൾ അസം ഖാനെ സ്വീകരിക്കാനെത്തി. ജയിൽമോചിതനായ ശേഷം അസംഖാൻ സ്വദേശമായ രാംപൂരിലേക്ക് പോയി.
വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് മോചിപ്പിക്കാനുള്ള ഉത്തരവ് ലഭിച്ചതെന്നും എല്ലാ നടപടിക്രമങ്ങൾക്കുശേഷവും അസം ഖാനെ വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ വിട്ടയച്ചതായും സീതാപൂർ ജയിൽ ജയിലർ ആർ.എസ് യാദവ് പറഞ്ഞു. വ്യാഴാഴ്ചയാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ഭൂമി കൈയേറ്റം ഉൾപ്പെടെ നിരവധി കേസുകളിൽ കഴിഞ്ഞ 27 മാസമായി അസം ഖാൻ ജയിലിലായിരുന്നു.