ന്യൂദൽഹി- വാരാണസിയിലെ ഗ്യാൻവാപി പള്ളി സംബന്ധിച്ച കേസിൽ ചില വിവരങ്ങൾ പുറത്തുപോകുന്നത് ശരിയായ നടപടിയല്ലെന്ന് സുപ്രീം കോടതി. കേസിൽ വാദം കേൾക്കുന്നതിനിടെയാണ് സുപ്രീം കോടതി വിലയിരുത്തൽ നടത്തിയത്. കേസിന്റെ മെറിറ്റിനെക്കുറിച്ച് അഭിപ്രായം പറയില്ലെന്നും ഇടക്കാല ഉത്തരവ് തൽക്കാലം തുടരാമെന്നും സുപ്രീം കോടതി പറഞ്ഞു. 'ഇതൊരു സങ്കീർണ്ണമായ കാര്യമാണ്. വിചാരണ ജഡ്ജിക്ക് പകരം ജില്ലാ ജഡ്ജിയാണ് കേസ് കേൾക്കേണ്ടതെന്ന് ഞങ്ങൾ കരുതുന്നു. കൂടുതൽ പരിചയസമ്പന്നനായ ഒരാൾ കൈകാര്യം ചെയ്യേണ്ട കേസാണിതെന്നും സുപ്രീം കോടതി പറഞ്ഞു. അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കുന്നത് വരെ വാദം കേൾക്കരുതെന്ന് വാരാണസി കോടതിയോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിച്ചത്.
വാരാണസി കോടതിയിൽ മെയ് 23 ന് വാദം തുടരുമെന്ന് ഹിന്ദു ഹർജിക്കാരെ പ്രതിനിധീകരിച്ച് അഭിഭാഷകൻ പറഞ്ഞു. വ്യാഴാഴ്ച വിചാരണക്കോടതിയിൽ ഇരുവിഭാഗവും തങ്ങളുടെ വാദങ്ങൾ സമർപ്പിച്ചതായി മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റിയുടെ അഭിഭാഷകൻ പറഞ്ഞു. തീവ്ര ഹൈന്ദവ സംഘടനകളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകർ, ഗ്യാൻവാപി മസ്ജിദ്-ശൃംഗർ ഗൗരി കോംപ്ലക്സിന്റെ വീഡിയോഗ്രാഫി സർവേയിൽ ഒരു ശിവലിംഗം കണ്ടെത്തിയതായി അവകാശപ്പെട്ടിരുന്നു. ഇത് വുള എടുക്കുന്ന ഹൗളിലെ വാട്ടർ ഫൗണ്ടനാണെന്ന് മസ്ജിദ് കമ്മിറ്റി വ്യക്തമാക്കി. നമസ്‌കരിക്കുന്നതിന് മുമ്പ് വുളു ചെയ്യാൻ ഭക്തർ ഉപയോഗിക്കുന്നതാണെന്ന് കമ്മിറ്റി പറഞ്ഞു. എന്നാൽ, മുസ്ലിംകളുടെ പ്രാർത്ഥന തടസപ്പെടുത്താതെ ഹൗള് സീൽ ചെയ്യാനായിരുന്നു സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടത്.