Sorry, you need to enable JavaScript to visit this website.

ഹൈദരാബാദിലേത് വ്യാജ ഏറ്റുമുട്ടൽ കൊല; പോലീസ് പ്രതികളെ കൊന്നത് മനപൂർവ്വം

ഹൈദരാബാദ്- തെലങ്കാനയിലെ ഹൈദരാബാദിൽ പോലീസ് ഏറ്റുമുട്ടലിൽ കൂട്ടബലാത്സംഗ കേസിലെ നാലു പ്രതികൾ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിന് എതിരെ സുപ്രീം കോടതി നിയോഗിച്ച വസ്തുതാ അന്വേഷണം സംഘം. പ്രതികളെ കൊല്ലുക എന്ന ലക്ഷ്യത്തോടെ മനപൂർവ്വം വെടിയുതിർക്കുകയായിരുന്നുവെന്ന് സംഘം കണ്ടെത്തി. നാലു പേരെയാണ് പോലീസ് വെടിവെച്ചു കൊന്നത്. ഏറ്റുമുട്ടൽ കൊല എന്നായിരുന്നു ഇത് സംബന്ധിച്ച് പോലീസ് നൽകിയിരുന്ന വിശദീകരണം. ഇതാണ് സുപ്രീം കോടതി സംഘം നിരാകരിച്ചത്. കൊല്ലപ്പെട്ട നാല് പേരിൽ മൂന്ന് പേരും പ്രായപൂർത്തിയാകാത്തവരാണെന്നും ഹൈദരാബാദ് പോലീസിന്റെ പെരുമാറ്റം തികച്ചും മോശമാണെന്നും റിപ്പോർട്ടിലുണ്ട്. പ്രതികൾ നാലു പേരും 20 വയസിന് മുകളിൽ ഉള്ളവരാണ് എന്നായിരുന്നു നേരത്തെ പോലീസ് അവകാശപ്പെട്ടിരുന്നത്. 
കേസിന്റെ അന്വേഷണത്തിലെ പ്രകടമായ വീഴ്ചകൾ ചൂണ്ടിക്കാണിച്ച കമ്മീഷൻ കൊലപാതകത്തിന് 10 പോലീസുകാരെ വിചാരണ ചെയ്യാൻ ശുപാർശ ചെയ്തു.

'ഞങ്ങളുടെ അഭിപ്രായത്തിൽ, പ്രതികൾക്ക് നേരെ ബോധപൂർവ്വം വെടിയുതിർത്തത് അവരുടെ മരണത്തിന് കാരണമാകുമെന്ന ഉദ്ദേശത്തോടെയാണ്. വെടിവെച്ചു കൊല്ലുന്ന സമയത്ത് ജോലു ശിവ, ജോലു നവീൻ, ചിന്തകുണ്ട ചെന്നകേശവുലു എന്നിവർ പ്രായപൂർത്തിയാകാത്തവരായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
2019 നവംബറിൽ വെറ്ററിനറി വനിതാ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ മുഹമ്മദ് ആരിഫ്, ചിന്തകുണ്ട ചെന്നകേശവുലു, ജോലു ശിവ, ജൊല്ലു നവീൻ എന്നിവർ അറസ്റ്റിലായത്. ഹൈദരാബാദിന് സമീപം ദേശീയ പാത 44ൽ വെച്ചാണ് നാല് പ്രതികളെ വെടിവെച്ച് കൊന്നത്. പ്രതികൾ കൊലപ്പെടുത്തിയ വനിത ഡോക്ടറുടെ മൃതദേഹം ഇതേ ഹൈവേയിലാണ് കണ്ടെത്തിയിരുന്നത്. 
2019 നവംബർ 27 ന് വനിതാ വെറ്ററിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പ്രതികൾ യുവതിയുടെ മൃതദേഹം കത്തിക്കുകയും ചെയ്തു. ഏറ്റുമുട്ടൽ കൊല സംബന്ധിച്ച് അന്വേഷിക്കാൻ സുപ്രീം കോടതിയാണ് കമ്മീഷനെ നിയോഗിച്ചത്. ഈ റിപ്പോർട്ട് കോടതിയിൽ എത്തിയെങ്കിലും പുറത്തുവിട്ടിരുന്നില്ല. മുദ്രവെച്ച കവറിലാണ് എന്ന വാദം കോടതി അംഗീകരിച്ചില്ല. റിപ്പോർട്ട് മുദ്രവച്ച കവറിൽ സൂക്ഷിച്ചിരിക്കുകയാണെന്ന മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാന്റെ വാദങ്ങൾ ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് തള്ളി. 
'ഇത് ഏറ്റുമുട്ടൽ കേസുമായി ബന്ധപ്പെട്ടതാണ്. ഇവിടെ സൂക്ഷിക്കാൻ ഒന്നുമില്ല. കമ്മീഷൻ ഒരാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. വിഷയം ഹൈക്കോടതിയിലേക്ക് അയയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.
കഴിഞ്ഞ വർഷം ഓഗസ്ത് മൂന്നിന്, നാല് പ്രതികളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ മുൻ സുപ്രീം കോടതി ജഡ്ജി വി.എസ് സിർപുർക്കർ അധ്യക്ഷനായ കമ്മീഷന് ആറ് മാസത്തെ സമയം നീട്ടി നൽകിയിരുന്നു. മൃഗഡോക്ടറുടെ ബലാത്സംഗവും കൊലപാതകവും തുടർന്നുണ്ടായ ഏറ്റുമുട്ടലിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിച്ച് ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും 2019 ഡിസംബർ 12 ന് സിർപുർക്കർ പാനൽ രൂപീകരിച്ചു. മുൻ ബോംബെ ഹൈക്കോടതി ജഡ്ജി രേഖ സോണ്ടൂർ ബൽഡോട്ട, മുൻ സി.ബി.ഐ ഡയറക്ടർ ഡിആർ കാർത്തികേയൻ എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ.
 

Latest News