ഭോപ്പാല്‍- മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയില്‍ വിവാഹ ഘോഷയാത്ര ആക്രമിക്കപ്പെട്ടതിനു പിന്നാലെ അനധികൃത നിര്‍മാണം ആരോപിച്ച് ജില്ലാ അധികൃതര്‍ 48 വീടുകള്‍ പൊളിച്ചു. ജില്ലയിലെ ജിരാപൂര്‍ നഗരത്തിലാണ് വീടുകള്‍ പൊളിച്ചുനീക്കിയത്.
ജിരാപൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാതാജി മൊഹല്ല പ്രദേശത്തായിരുന്നു രണ്ട് ദിവസം മുമ്പ് സംഘര്‍ഷം. പള്ളിക്ക് മുന്നില്‍ സംഗീതം വെച്ചതിനെ മുസ്ലിംകള്‍ എതിര്‍ത്തതിനു പിന്നാലെ ആയിരുന്നു ദലിത് വിവാഹ ഘോഷയാത്ര ആക്രമിക്കപ്പെട്ടത്. സംഘര്‍ഷത്തില്‍ ആറ് വയസ്സുള്ള കുട്ടിയടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു.
പള്ളിക്ക് മുന്നിലെത്തിയപ്പോള്‍ സംഗീതം നിര്‍ത്തിയിരുന്നുവെന്നും പള്ളി കടന്നതിന് ശേഷം മാത്രമാണ് വീണ്ടും സംഗീതം വെച്ചതെന്നും ബാന്‍ഡ് അംഗങ്ങള്‍ പോലീസിനോട് പറഞ്ഞു.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ 21 പ്രതികളെ കൂടി തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷമാണ് വീടുകള്‍ പൊളിച്ചുമാറ്റാന്‍ തുടങ്ങിയത്.
എഫ്‌ഐആറിനെ തുടര്‍ന്ന് ജിരാപൂരിലെ നാലാം വാര്‍ഡിലെ താമസക്കാര്‍ക്ക് വീടുകള്‍ സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റമാണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം നോട്ടീസ് നല്‍കി. വ്യാഴാഴ്ച ഉദ്യോഗസ്ഥര്‍ 18 വീടുകള്‍ പൂര്‍ണമായും 30 വീടുകള്‍ ഭാഗികമായും പൊളിച്ചുമാറ്റി.
പൊളിച്ച 48 വീടുകളില്‍ 18 എണ്ണവും പ്രതികളുടേതാണെന്ന് ജിരാപൂര്‍ ഏരിയയിലെ തഹസില്‍ദാര്‍ എ.ആര്‍ ചിരാമന്‍ മാധ്യമങ്ങളോട് പറഞ്ഞു.