പട്‌ന- ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലുപ്രസാദ് യാദവിന്റെ ഓഫീസിലും വീട്ടിലുമടക്കം 15 കേന്ദ്രങ്ങളില്‍ സി.ബി. ഐ റെയ്ഡ്. പുതിയ അഴിമതി കേസിലാണ് റെയ്ഡ്.കാലിത്തീറ്റ കുംഭകോണ കേസില്‍ ജാമ്യം ലഭിച്ച് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ലാലുവിനെതിരായ പുതിയ അഴിമതി കേസ്. മുഖ്യമന്ത്രിയായിരുന്ന സമയത്ത് നടന്ന അനധികൃത നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ലാലുപ്രസാദ് യാദവിന് പുറമെ മകള്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ കൂടി പുതിയ കേസില്‍ ഉള്‍പെട്ടിട്ടുണ്ട്. 139 കോടി രൂപയുടെ ട്രഷറി അഴിമതി കേസില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് 73 കാരനായ ലാലുപ്രസാദ് കഴിഞ്ഞ മാസമാണ് ജയില്‍ മോചിതനായത്. കേസില്‍ അഞ്ചുവര്‍ഷത്തേക്കായിരുന്നു സിബിഐ പ്രത്യേക കോടതി ശിക്ഷിച്ചത്. 60 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ലാലു പ്രസാദ് യാദവ് കുറ്റക്കാരനായ അഞ്ചാമത്തെ കാലിത്തീറ്റ കുംഭകോണ കേസാണ് ട്രഷറി അഴിമതി കേസ്.