വാഷിംഗ്ടൺ-വിദേശികൾക്ക് വിസ അനുവദിക്കുന്നതിനുള്ള ചട്ടങ്ങൾ കർശനമാക്കി അമേരിക്ക. വിസയ്ക്ക് അപേക്ഷിക്കുന്നവർ നേരത്തെ ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ, ഇ-മെയിൽ അഡ്രസ്, സോഷ്യൽ മീഡിയ ഹിസ്റ്ററി എന്നീ വിവരങ്ങൾ സമർപ്പിക്കുന്നത് നിർബന്ധമാക്കും. രാജ്യ സുരക്ഷ കണക്കിലെടുത്ത് സുരക്ഷാ ഭീഷണിയുയർത്തുന്ന വിദേശികളുടെ പ്രവേശനം തടയുന്നതിനുള്ള നീക്കമാണ് അമേരിക്ക ഇപ്പോൾ നടത്തുന്നത്. ഫെഡറൽ രജിസ്റ്ററിൽ പോസ്റ്റ് ചെയ്ത രേഖകളിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. പുതിയ ചട്ട പ്രകാരം അമേരിക്കയിൽ നോൺ ഇമ്മിഗ്രന്റ് വിസയ്ക്ക് അപേക്ഷിക്കുന്നവർ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടി വരും. ഇതിന് പുറമെ കഴിഞ്ഞ 15 വർഷത്തെ ബയോഗ്രാഫിക്കൽ വിവരങ്ങളും വിസയ്ക്കുള്ള അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കണമെന്നുള്ള ചട്ടവും ഇതോടെ പ്രാബല്യത്തിൽ വരും. അഞ്ച് വർഷത്തിനിടെ ഉപയോഗിച്ചിട്ടുള്ള ഇ-മെയിൽ ഐഡികൾ, അന്താരാഷ്ട്ര തലത്തിൽ യാത്ര ചെയ്തതിനുള്ള രേഖകൾ എന്നിവയും സമർപ്പിക്കേണ്ടി വരും. മറ്റേതെങ്കിലും രാജ്യത്തു നിന്ന് നാടുകടത്തിയതാണോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ അറിയുന്നതിന് വേണ്ടിയാണിത്.