ചിറ്റൂര്‍- പ്ലാച്ചിമട കോള വിരുദ്ധ സമരത്തിന് മയിലമ്മയോടൊപ്പം നേതൃത്വം കൊടുത്ത പെണ്‍ പോരാളി കന്നിയമ്മ(95) നിര്യാതയായി. പ്ലാച്ചിമട വിജയ നഗര്‍ കോളനിയിലെ വീട്ടില്‍ വ്യാഴാഴ്ച ഉച്ചക്ക് 12.30 നായിരുന്നു അന്ത്യം. സമരത്തിന്റെ ആദ്യ കാലം മുതല്‍ വാര്‍ദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കിടപ്പിലാകും വരെയും സമര പന്തലിലെ നിത്യ സാന്നിധ്യമായിരുന്നു. സംഘര്‍ഷഭരിതമായ ഒട്ടേറെ സമരഘട്ടങ്ങളില്‍ അടിയുറച്ച് നിന്നതിന്റെ ഭാഗമായി ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ സമരപ്പന്തലില്‍ സത്യഗ്രഹം അനുഷ്ഠിച്ച സമരപ്രവര്‍ത്തകയാണ്. 2017 ല്‍ രാഷ്ട്രീയ സ്വാഭിമാന്‍ ആന്തോളന്‍ ഏര്‍പ്പെടുത്തിയ സ്വാഭിമാന്‍ പുരസ്‌കാരത്തിന് അര്‍ഹയായി. ആഗോളവല്ക്കരണത്തിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് ദല്‍ഹിയില്‍ നടന്ന ദേശീയ കണ്‍വന്‍ഷനിലാണ് സ്വാഭിമാന്‍ പുരസ്‌കാരം കൈപ്പറ്റിയത്. ദുര്‍ബലജനവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളെ മുന്‍ നിര്‍ത്തിയാണ് കന്നിയമ്മയെ രാഷ്ട്രീയ സ്വാഭിമാന്‍ ആന്തോളന്‍ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.
മൃതദേഹം പ്ലാച്ചിമട പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. ഭര്‍ത്താവ്: പരേതനായ കണ്ണന്‍. മക്കള്‍: കന്ദന്‍, ഷണ്‍മുഖന്‍, കനകന്‍, കിട്ടുചാമി, പരമേശ്വരന്‍, പരേതനായ കാളിയപ്പന്‍, പൊന്നുച്ചാമി, പരേതയായ കാളിയമ്മ. മരുമക്കള്‍: ദൈവ, നാഗമണി, ശെല്‍വി, മാസില, കവിത, സരസ്വതി, പരേതനായ മുരുകന്‍.