തൃശൂർ- ഇന്ന് സംസ്ഥാനത്ത് പൊതു പണിമുടക്കായതിനാൽ സന്തോഷ് ട്രോഫി വിജയിച്ചതിന്റെ ആഘോഷം പ്രമാണിച്ച് കേരളത്തിന് പൊതു അവധി പ്രഖ്യാപിക്കേണ്ടി വന്നില്ല നമ്മുടെ മുഖ്യമന്ത്രിക്ക്. വർഷങ്ങൾക്കു മുൻപ് സന്തോഷ് ട്രോഫി ഫൈനലിന് തൊട്ടു മുൻപ് കേരള ടീം ക്യാപ്റ്റൻ വി.പി.സത്യനെ മുറിയിലേക്ക് വിളിപ്പിച്ച് നാളെ ഞാൻ കേരളത്തിന് പൊതു അവധിപ്രഖ്യാപിച്ചുകൊണ്ടുള്ള സർക്കുലറിൽ ഒപ്പിട്ടു കഴിഞ്ഞുവെന്നും അത് കേരളത്തിന്റെ വിജയം ആഘോഷിക്കാനാണെന്നും പറഞ്ഞ ഒരു മുഖ്യമന്ത്രിയുണ്ടായിരുന്നു. ഇന്നലെ സന്തോഷ് ട്രോഫി ഫൈനലിന് കൊൽക്കൊത്തയിലെ സാൾട്ട് ലേക്ക് സിറ്റിയിലെ ഗ്രൗണ്ടിലേക്കിറങ്ങുമ്പോൾ കേരള ടീമിലെ ചിലരെങ്കിലും ആ രംഗം ഓർത്തിരിക്കും. കാരണം വർഷങ്ങൾക്ക് മുൻപു നടന്ന മുഖ്യമന്ത്രി-വി.പി.സത്യൻ കൂടിക്കാഴ്ച വർഷങ്ങൾക്കു ശേഷം ബിഗ് സ്ക്രീനിൽ മലയാള സിനിമയിൽ പല താരങ്ങളും കണ്ടു. പ്രജേഷ് സെൻ ഒരുക്കിയ ജയസൂര്യ നായകനായ ക്യാപ്റ്റൻ എന്ന സിനിമയിലൂടെ. ക്യാപ്റ്റൻ മലയാളക്കരയുടെ എല്ലാ സ്നേഹവും പിടിച്ചുവാങ്ങി വിജയം കൊയ്യുന്ന അതേ വർഷത്തിൽ തന്നെയാണ് കേരളം പതിനാലു വർഷത്തെ ഇടവേളക്കു ശേഷം സന്തോഷ് ട്രോഫിയിൽ വിജയം നേടിയതെന്നതും കൗതുകം നിറഞ്ഞ അപൂർവ സംഭവമായി.
കേരള ടീം ഇക്കുറി ജയിക്കുമെന്ന് മത്സരത്തിന് മുൻപ് ക്യാപ്റ്റൻ സംവിധായകൻ പ്രജേഷ് സെൻ പറഞ്ഞിരുന്നു. ടീമിലെ ചിലരൊക്കെ സിനിമ കണ്ടിട്ടുണ്ടെന്നും ഗ്രൂപ്പ് മത്സരം നടക്കുമ്പോൾ കേരള ടീമിന് ആശംസകളുമായി ക്യാപ്റ്റൻ സിനിമ ടീമംഗങ്ങൾ ബംഗളൂരുവിൽ പോയിരുന്നുവെന്നും പ്രജേഷ് സെൻ പറഞ്ഞു.
കേരളം സന്തോഷ് ട്രോഫി ഫൈനലിൽ കടന്നതോടെ പലരും ക്യാപ്റ്റൻ സിനിമയേയും കേരളത്തിന്റെ ഫൈനൽ പ്രവേശനത്തേയും കൂട്ടി യോജിപ്പിച്ച് ആവേശത്തോടെ സംസാരിച്ചിരുന്നു. വി.പി.സത്യനെ വർഷങ്ങൾക്കു ശേഷം ഓർക്കാൻ സാധിച്ച കേരളീയർ സന്തോഷ് ട്രോഫി തങ്ങൾക്ക് നേടിത്തന്ന ആ ക്യാപ്റ്റന്റെ പിൻമുറക്കാർ ഇക്കുറി കപ്പെടുക്കുമെന്ന് വിശ്വസിച്ചിരുന്നു.
ഇന്നലെ കേരളം കളി കണ്ടത് സത്യന്റെ ഓർമകളിൽ ലയിച്ചാണ്. വംഗനാട്ടിൽ കണക്കുകളെല്ലാം തീർത്ത് കലിപ്പെല്ലാം അടക്കി കപ്പെടുത്ത് കേരളത്തിന്റെ ചുണക്കുട്ടികൾ ആഘോഷിക്കുമ്പോൾ നക്ഷത്രങ്ങളുടെ ലോകത്തിരുന്ന് വി.പി.സത്യൻ എന്ന കളിക്കാരൻ മനസ്സു തുറന്ന് ആഹ്ലാദിച്ചിരിക്കും.