അഹമ്മദാബാദ്- ഗുജറാത്തിലെ കോൺഗ്രസ് മുൻ നേതാവ് ഹാർദിക് പട്ടേൽ കോൺഗ്രസിനെതിരെ രൂക്ഷ പരാമർശവുമായി രംഗത്തെത്തി. സംസ്ഥാനത്തെ മുൻനിര വ്യവസായികളായ മുകേഷ് അംബാനിയോടും ഗൗതം അദാനിയോടും പാർട്ടി നിരന്തരം ദേഷ്യപ്പെടുകയാണെന്ന് ഹാർദിക് പട്ടേൽ ആരോപിച്ചു. ഈ വ്യവസായികൾ കഠിനാധ്വാനത്തിലൂടെയാണ് മുന്നേറിയതെന്നും പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്ത് എന്നതുകൊണ്ട് മാത്രം അവരെ ലക്ഷ്യമിടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഒരു ബിസിനസുകാരൻ ഉയരുന്നത് അയാളുടെ സ്വന്തം അധ്വാനം കൊണ്ടാണ്. അദാനിയെയോ അംബാനിയെയോ എല്ലാ തവണയും അധിക്ഷേപിക്കാൻ കഴിയില്ല. പ്രധാനമന്ത്രി ഗുജറാത്തിൽ നിന്നുള്ളയാളാണെങ്കിൽ, അംബാനിയോടും അദാനിയോടും എന്തിനാണ് നിങ്ങളുടെ ദേഷ്യം? ഇത് തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു വഴി മാത്രമായിരുന്നുവെന്നും ഹാർദിക് പട്ടേൽ പറഞ്ഞു.
കോൺഗ്രസിലെ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ മൂന്ന് വർഷം പാഴാക്കിയെന്ന് പ്രഖ്യാപിച്ച ഹാർദിക് പട്ടേൽ, താൻ പാർട്ടിയിൽ ഇല്ലായിരുന്നുവെങ്കിൽ ഗുജറാത്തിനായി കൂടുതൽ നന്നായി പ്രവർത്തിക്കാമായിരുന്നുവെന്നും അവകാശപ്പെട്ടു.
പാർട്ടിയിലായിരിക്കുമ്പോൾ എനിക്ക് ഒരിക്കലും പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടില്ല, കോൺഗ്രസ് എനിക്ക് ഒരു ജോലിയും തന്നിട്ടില്ലെന്നും ഹാർദിക് പട്ടേൽ പറഞ്ഞു. ദേശീയ നേതാക്കൾക്ക് ചിക്കൻ സാൻഡ് വിച്ച് വിതരണം ചെയ്യാൻ മാത്രമാണ് ഗുജറാത്തിൽനിന്നുള്ള നേതാക്കൾക്ക് താൽപര്യമെന്നും ഹാർദിക് പട്ടേൽ ആരോപിച്ചിരുന്നു. അതേസമയം, ഹാർദികിനെ അവസരവാദിയായ രാഷ്ട്രീയക്കാരൻ എന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്. സംവരണ സമരത്തിൽ ചുമത്തിയ കേസുകൾ പിൻവലിക്കാൻ ബി.ജെ.പിയുമായി കരാർ ഉണ്ടാക്കുകയാണ് പട്ടേൽ ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ചു.
എന്നാൽ, കഴിഞ്ഞ രണ്ട് വർഷമായി പല കോൺഗ്രസ് നേതാക്കളും ചെയ്തതുപോലെ, താൻ ബി.ജെ.പിയുമായി ചേർന്ന് ഒരു നീക്കവും നടത്തിയിട്ടില്ലെന്ന് ഹാർദിക് തിരിച്ചടിച്ചു.