Sorry, you need to enable JavaScript to visit this website.

ജി.എസ്.ടി കൗണ്‍സിലിന്റെ ശുപാര്‍ശ നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്കു ബാധ്യതയില്ലെന്ന് സുപ്രീംകോടതി

ന്യൂദല്‍ഹി- ജി.എസ്.ടി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു ബാധ്യതയില്ലെന്ന് സുപ്രീംകോടതി. ജി.എസ്.ടി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ക്ക് ഉപദേശക സ്വഭാവം മാത്രമേയുള്ളൂ എന്നാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ, ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കിയത്. ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമനിര്‍മാണം നടത്താം. നിയമനിര്‍മാണത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു തുല്യഅധികാരം ആണുള്ളത്. എന്നാല്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സര്‍വത്ര സ്വതന്ത്രരല്ലെന്നും പരസ്പര പൂരകമായ ഫെഡറിലസത്തിനാണ് ഭരണഘടന വ്യവസ്ഥ ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി.
ജി.എസ്.ടി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍  കൂട്ടായ ചര്‍ച്ചയില്‍നിന്ന് ഉരുത്തിരിയുന്നവയാണ്. എന്നാല്‍, അവ ആജ്ഞാരൂപത്തിലുള്ളതല്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള സഹകരണ സമവായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ജി.എസ്.ടി കൗണ്‍സില്‍ ഊന്നല്‍ നല്‍കേണ്ടത്. ഭരണഘടനയുടെ 246 എ വകുപ്പ് അനുസരിച്ച് പാര്‍ലമെന്റിനും സംസ്ഥാന നിയമസഭകള്‍ക്കും നികുതി നിയമ നിര്‍മാണത്തിന് തുല്യ അധികാരം ആണുള്ളത്. എന്നാല്‍, 279-ാം വകുപ്പ് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഒറ്റയ്‌ക്കൊറ്റക്കായി സര്‍വസ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 2016ലെ ഭരണഘടന ഭേദഗതി നിയമം അനുസരിച്ച് 279ബി വകുപ്പ് നീക്കം ചെയ്ത് 279(1) കൂട്ടിച്ചേര്‍ത്തത് പ്രകാരം ജി.എസ്.ടി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ക്ക് ഉപദേശക മൂല്യം മാത്രമേ ഉള്ളൂ എന്നു വ്യക്തമാക്കുന്നുണ്ടെന്നും കോടതി വിശദീകരിച്ചു. ജി.എസ്.ടി കൗണ്‍സില്‍ ശുപാര്‍ശകളിന്‍മേല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുസരണ ബാധ്യത ഉണ്ടാകുന്നത് സാമ്പത്തിക ഫെഡറലിസത്തെ തകര്‍ക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

 

Latest News