പാലക്കാട്- മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പില്‍ പോലീസുകാര്‍ മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. പോലീസുകാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമയും സുഹൃത്തുമാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ പന്നിയെ പിടികൂടാന്‍ വെച്ച കെണിയില്‍ പോലീസുകാര്‍ കുടുങ്ങിയെന്നാണ് സൂചന.
മുട്ടിക്കുളങ്ങര കെഎപി ക്യാമ്പിലെ ഹവില്‍ദാര്‍മാരായ എലവഞ്ചേരി സ്വദേശി അശോകന്, അത്തിപ്പൊറ്റ സ്വദേശി മോഹന്‍ദാസ് എന്നിവരെയാണ് ക്യാമ്പിന് പുറക് വശത്തെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ഒന്‍പതരയോടെ ക്വാര്‍ട്ടേഴ്സില്‍ നിന്നും സമീപത്തെ തോട്ടിലേക്ക് മീന്‍ പിടിക്കാന്‍ പോയതായിരുന്നു ഇരുവരും. പിന്നീട് തിരിച്ചു വന്നില്ല.
തിരച്ചില്‍ തുടരുന്നതിനിടയില്‍ ഇന്ന് രാവിലെയാണ് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷോക്കേറ്റാണ് മരണമെന്ന് സംശയമുയര്‍ന്നിരുന്നു. പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹങ്ങള്‍. സ്ഥലത്ത് എസ്.പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.