Sorry, you need to enable JavaScript to visit this website.

ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര വീണ്ടും കുഴപ്പത്തിൽ; ഇ.ഡി കേസെടുത്തു

മുംബൈ- ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര വീണ്ടും കുഴപ്പത്തിൽ. അശ്ലീലചിത്രങ്ങൾ നിർമിച്ച കേസുമായി ബന്ധപ്പെട്ട് വ്യവസായിക്കെതിരെ ഇ.ഡി പുതുതായി കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തു. രാജ് കന്ദ്ര ഉൾപ്പെടെയുള്ളവരെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം മുംബൈ പോലീസ് രാജ് കുന്ദ്രക്കെതിരെ കേസെടുത്തിരുന്നു.
 
2019 ഫെബ്രുവരിയിൽ ആംസ് പ്രൈം മീഡിയ ലിമിറ്റഡ് എന്ന പേരിൽ രാജ് കുന്ദ്ര ഒരു കമ്പനി രൂപീകരിച്ചുവെന്നും ഹോട്ട്‌ഷോട്ട്‌സ് എന്ന ആപ്പ് വികസിപ്പിച്ചുവെന്നും ഇ.ഡി വൃത്തങ്ങൾ  പറഞ്ഞു. ആപ്പ് പിന്നീട് യു.കെ ആസ്ഥാനമായുള്ള കെൻറിൻ എന്ന കമ്പനിക്ക് വിറ്റു.

രാജ് കുന്ദ്രയുടെ കമ്പനിയായ വിയാൻ ഇൻഡസ്ട്രീസ് ആപ്പിന്റെ അറ്റകുറ്റപ്പണികൾക്കായി കെൻറിനുമായി കരാറിലേർപ്പെട്ടിട്ടുണ്ടെന്നും എൻഫോഴ്സ്മെന്റ് വൃത്തങ്ങൾ അറിയിച്ചു. ഇതേ ആവശ്യത്തിനായി വിയാന്റെ 13 ബാങ്ക് അക്കൗണ്ടുകളിലേക്ക് 13 കോടി രൂപ എത്തിയിട്ടുണ്ട്.  കെൻറിൻ ചെയർമാൻ പ്രദീപ് ബക്ഷി രാജ് കുന്ദ്രയുടെ ഭാര്യാ സഹോദരനാണ്.

അശ്ലീല ചിത്രങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ വർഷം ജൂലൈ 19 ന് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് മാസത്തെ ജയിൽ വാസത്തിന് ശേഷം 50,000 രൂപയുടെ ജാമ്യത്തിൽ പുറത്തിറങ്ങി. തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നാണ് രാജ് കുന്ദ്ര ആരോപിച്ചിരുന്നത്.
അതേസമയം, അശ്ലീല ചിത്രങ്ങൾ  വിതരണം ചെയ്യാനായി രാജ് കുന്ദ്രയാണ് ഹോട്ട്‌ഷോട്ട് ആപ്പ് നിർമിച്ചതെന്ന് 2017 സെപ്റ്റംബറിൽ രാജ് കുന്ദ്രയുടെ ബിസിനസ്സ് പങ്കാളി സമ്മതിച്ചിരുന്നു. ഇയാളുടെ കുറ്റസമ്മതം മുംബൈ പോലീസ് സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലുണ്ട്.

 2015 ഓഗസ്റ്റ് മുതൽ ഡിസംബർ വരെ ഹോട്ട്ഷോട്ട് ആപ്പ് വഴി നേടിയ വരുമാനം ഗൂഗിളും ആപ്പിളും ആംസ് പ്രൈമിന്റെ ഇന്ത്യൻ അക്കൗണ്ടിന് പകരം യു.കെയിലെ ലോയിഡ്സ് ബാങ്കിലുള്ള കെൻറിൻ അക്കൗണ്ടിലേക്കാണ്  2020 ൽ ട്രാൻസ്ഫർ ചെയ്തത.  ആംസ്‌പ്രൈം ലിമിറ്റഡിൽ കുന്ദ്ര ഡയറക്‌ടറായിരിക്കെ, ഹോട്ട്‌ഷോട്ട് ആപ്പിന്റെ വരുമാനം കെൻറിൻ ലിമിറ്റഡിന്റെ യു.കെ ബാങ്ക് അക്കൗണ്ടിലേക്ക് വഴിതിരിച്ചുവിടുകയും വെളുപ്പിക്കുകയും ചെയ്‌തുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
തന്റെ ഭർത്താവ് എന്താണ് ചെയ്യുന്നതെന്ന് തനിക്ക് അറിയില്ലെന്നാണ് ശിൽപ ഷെട്ടി മുംബൈ പോലീസിനോട് പറഞ്ഞിരുന്നത്. തന്റെ തന്നെ ജോലിത്തിരക്കു കാരണം ഇത്തരം കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാറില്ലെന്നാണ് അവർ അറിയിച്ചിരുന്നത്. 

Latest News