കൊണ്ടോട്ടി- ഈ വർഷത്തെ ഹജ് വിമാന സർവീസുകൾ ജൂൺ നാലു മുതൽ നെടുമ്പാശ്ശേരിയിൽ നിന്ന് ആരംഭിക്കും. നാലു മുതൽ 16 വരെയുള്ള ദിവസങ്ങളിൽ 20 വിമാനങ്ങളാണ് നെടുമ്പാശ്ശേരിയിൽ നിന്ന് സൗദി എയർലെൻസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 377 തീർഥാടകരാണ് ഓരോ വിമാനത്തിലും യാത്രയാവുക. നെടുമ്പാശ്ശേരിയിൽ നിന്ന് മദീനയിലേക്കാണ് വിമാനങ്ങൾ പറക്കുക.
ആദ്യ ഹജ് വിമാനം ജൂൺ നാലിന് രാവിലെ 7.30 ന് ജിദ്ദയിൽ നിന്നെത്തി തീർഥാടകരുമായി രാവിലെ 9 മണിക്ക് പുറപ്പെടും. ജൂൺ നാല്, ആറ്, ഏഴ്, ഒമ്പത്, 13, 15 തിയ്യതികളിൽ ഓരോ വിമാനങ്ങളും, അഞ്ച്, എട്ട്, 10, 14 തിയ്യതികളിൽ രണ്ട് വിമാനങ്ങളും, 12, 16 തിയ്യതികളിൽ മൂന്ന് വിമാനങ്ങളുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കേരളത്തിന് പുറമെ ലക്ഷദ്വീപ്, മാഹി, തമഴ്നാട് എന്നിവടങ്ങളിൽ നിന്നുള്ള തീർഥാടകരും നെടുമ്പാശ്ശേരിയിൽ നിന്നാണ് ഇത്തവണ ഹജിന് പുറപ്പെടുന്നത്. കോവിഡ്മൂലം രണ്ട് വർഷം ഹജ് തീർഥാടനം നടന്നിരുന്നില്ല. ഈ വർഷം കർശന നിബന്ധനകളോടെയാണ് ഹജ് സർവീസിന് അനുമതി നൽകിയിരിക്കുന്നത്.