കുവൈത്ത് സിറ്റി- കുവൈത്തില്‍ ബസുകള്‍ കൂട്ടിയിടിച്ച് രണ്ട് മലയാളികളടക്കം 15 പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കായംകുളം കറ്റാനം സ്വദേശി രാധാകൃഷ്ണന്‍, കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശി സനീഷ്, എന്നിവരാണ് മരിച്ച മലയാളികള്‍. ഇവര്‍ക്കു പുറമെ അഞ്ച് ഇന്ത്യക്കാരും അപകടത്തില്‍ മരിച്ചു. മൂന്ന് പാക്കിസ്ഥാനികളും അഞ്ച് ഈജിപ്തുകാരുമാണ് മരിച്ച മറ്റുള്ളവര്‍. കബ്ദ് അര്‍താല്‍ റോഡില്‍ ഞായറാഴ്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം. എതിര്‍ദിശയില്‍ വേഗതയില്‍ വന്ന ബസുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.
കബ്ദിലെ ബുര്‍ഗാന്‍ എണ്ണപ്പാടത്തിന് സമീപമുള്ള പെട്രോളിയം കമ്പനിയിലെ കരാര്‍ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പെട്ട ബസുകളിലൊന്നിന്റെ ഡ്രൈവര്‍ ഇന്ത്യക്കാരനാണ്. ഇയാള്‍ പരിക്കുകളോടെ അദാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.