ന്യൂദൽഹി-എം.പിയായിരുന്ന കാലയളവിലെ ശമ്പളവും അലവൻസും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ആറു വർഷത്തെ കാലയളവിനിടയിലെ ശമ്പളവും അലവൻസുമടക്കം 90 ലക്ഷം രൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയത്. സച്ചിന്റെ പ്രവൃത്തിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നന്ദി രേഖപ്പെടുത്തി. 185 പദ്ധതികൾക്കായി സച്ചിൻ 7.4 കോടി രൂപ സച്ചിൽ ചെലവഴിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. വിദ്യാഭ്യാസ മേഖലയ്ക്കായും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായുമായാണ് സച്ചിൻ കൂടുതൽ തുക ചെലവാക്കിയത്.
കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഇരുപത് സ്‌കൂളുകളുടെ നിർമാണവും സൗകര്യങ്ങൾ വർധിപ്പിച്ചതും സച്ചിന്റെ ശ്രമഫലമായാണ്. കേരളത്തിന് പുറമെ പശ്ചിമ ബംഗാളിലെ മിഡ്‌നാപ്പൂർ, ആന്ധ്രയിലെ നെല്ലൂർ, മഹാരാഷ്ട്രയിലെ സോലാപ്പൂർ, അഹമ്മദ് നഗർ, ഹിമാചൽ പ്രദേശിലെ ഹമിർപൂർ, തമിഴ് നാട്ടിലെ തിരുപ്പൂർ, കശ്മീരിലെ കുപ്‌വാരയിലെ സ്‌കൂൾ എന്നിവയ്ക്കാണ് സാമ്പത്തിക സഹായം ലഭ്യമാക്കിയത്.
പ്രധാനമന്ത്രിയുടെ ഗ്രാമങ്ങളെ ദത്തെടുക്കൽ പദ്ധതിയിൽ ആന്ധ്രയിലേയും മഹാരാഷ്ട്രയിലേയും രണ്ട് ഗ്രാമങ്ങങ്ങളും സച്ചിൻ ദത്തെടുത്തിരുന്നു.
പ്രധാനമന്ത്രി ആദർശ് ഗ്രാം യോജ്‌ന പദ്ധതിയുടെ കീഴിലാണ് രണ്ടാ ഗ്രാമങ്ങൾ ദത്തെടുത്തത്. പാർലമെന്റിൽ വരാതിരുന്നതിന്റെ പേരിൽ സച്ചിൻ നേരത്തെ വിമർശനം നേരിട്ടിരുന്നു. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ പാർലമെന്റിൽ എത്തിയത് 29 സെഷനുകളിൽ മാത്രമായിരുന്നു.
പക്ഷേ എംപി കാലയളവിലെ മുഴവൻ ശമ്പളവും ഒരു മടിയും കൂടാതെ കൈപ്പറ്റിയെന്നും ജനങ്ങളെ സേവിക്കാൻ താൽപര്യമില്ലെങ്കിലും ശമ്പളം വാങ്ങാൻ ഒരു മടിയും കാട്ടിയില്ലന്നുമായിരുന്നു സച്ചിന് നേരെ ഉയർന്ന വിമർശനങ്ങൾ.