ന്യൂദല്‍ഹി-രാജ്യത്ത് സസ്യേതര ഭക്ഷണം കഴിക്കുന്നവര്‍ വര്‍ധിച്ചുവെന്ന് കണക്ക്. ഗോഹത്യാ വിവാദങ്ങള്‍ക്കിടെ രാജ്യത്ത് വെജ്-നോണ്‍ വെജ് ചര്‍ച്ച തുടരുമ്പോള്‍ ഇന്ത്യന്‍ എക്‌സപ്രസ് ദിനപത്രമാണ് ഡാറ്റ പരിശോധിച്ച് വിശകലനം നടത്തിയത്. മുമ്പെന്നത്തേക്കാളും കൂടുതല്‍ ആളുകള്‍ മാംസം കഴിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ആറ് വര്‍ഷത്തിനിടയില്‍ നോണ്‍ വെജ് കഴിക്കുന്ന ഇന്ത്യക്കാരുടെ അനുപാതം കുത്തനെ ഉയര്‍ന്നുവെന്നാണ് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ഡാറ്റയുടെ വിശകലനം കാണിക്കുന്നത്.
15-49 പ്രായത്തിലുള്ള 83.4 ശതമാനം പുരുഷന്മാരും 70.6 ശതമാനം സ്ത്രീകളും ദിവസവും അല്ലെങ്കില്‍ ആഴ്ചയിലൊരിക്കലെങ്കിലും സസ്യേതര ഭക്ഷണം കഴിക്കുന്നു. പ്രതിവാര മാംസാഹാരം കഴിക്കുന്നവരുടെ അനുപാതവും കുത്തനെ ഉയര്‍ന്നു. 57.3 ശതമാനം പുരുഷന്മാരും 45.1 ശതമാനം സ്ത്രീകളും ആഴ്ചയില്‍ ഒരിക്കലെങ്കിലും മത്സ്യമോ കോഴിയോ മറ്റു മാംസമോ കഴിക്കുന്നതായി ഫാമിലി സര്‍വേ വ്യക്തമാക്കുന്നു.