മുംബൈ-മുത്തലാഖ് ബില്ലിനെതിരെ മുംബൈ മഹാനഗരത്തിൽ മുസ്‌ലിം വനിതകളുടെ കൂറ്റൻ പ്രകടനം. നരേന്ദ്ര മോഡി സർക്കാർ ഇസ്ലാമിക നിയമങ്ങൾ അട്ടിമറിക്കുകയാണെന്നാരോപിച്ചായിരുന്നു വനിതകൾ പ്രതിഷേധിക്കാനെത്തിയത്. മുത്തലാഖിനെതിരെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ബില്ല് അംഗീകരിക്കില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. നിരവധി സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രതിഷേധ പ്രകടനവും സംഗമവും നടന്നത്. ആസാദ് മൈതാനിയിൽ ഒത്തു ചേർന്ന സ്ത്രീകൾ നരേന്ദ്ര മോഡി സർക്കാർ കൊണ്ടുവന്ന പുതിയ ബില്ലിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി. മുത്തലാഖിനെതിരെ സുപ്രീം കോടതി നിർദേശ പ്രകാരമാണ് കേന്ദ്ര സർക്കാർ പുതിയ ബില്ല് കൊണ്ടുവന്നത്. മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി മുസ്ലിം സ്ത്രീകളുടെ വൈവാഹിക സുരക്ഷ ഉറപ്പാക്കുന്ന പുതിയ നിയമം നടപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് മാസങ്ങൾക്ക് മുമ്പ് മുസ്ലിം സ്ത്രീ (വിവാഹ അവകാശ സംരക്ഷണം) ബില്ല് 2017 എന്ന ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചത്. ഈ ബില്ല് മുസ്ലിം സ്ത്രീകളുടെ അവകാശം പൂർണമായി സംരക്ഷിക്കുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. കേന്ദ്ര സർക്കാർ ഇസ്ലാമിക നിയമങ്ങൾ അട്ടിമറിക്കുന്നതിനാണ് തിടുക്കത്തിൽ പുതിയ ബില്ല് കൊണ്ടുവന്നതെന്നും അവർ ആരോപിച്ചു.
മുസ്ലിം വ്യക്തി നിയമം അനുസരിച്ച് ജീവിക്കാൻ ഭരണഘടന അവകാശം നൽകുന്നു. മതപരമായ നിയമങ്ങൾ അനുസരിച്ച് ജീവിക്കണമെന്നാണ് ആഗ്രഹം. മതനിയമങ്ങളിൽ രാഷ്ട്രീയമായ ഇടപെടൽ പാടില്ല. മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്ന പുരുഷനെ ജയിലിലടച്ചതു കൊണ്ട് സ്ത്രീകൾക്ക് പ്രത്യേക നേട്ടമില്ലെന്നും പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ വനിത പറഞ്ഞു. കോളേജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു. കേന്ദ്ര സർക്കാർ നിലവിൽ കൊണ്ടുവന്ന മാറ്റങ്ങൾ അംഗീകരിക്കില്ലെന്ന് 18 കാരി ഹുമ അൻസാരി പറഞ്ഞു.
ശരീഅത്ത് നിയമം മാറ്റാൻ കഴിയില്ല. ഗാർഹിക പീഡനങ്ങൾക്ക് പരിഹാരം ശരീഅത്ത് നിയമം മാറ്റുക എന്നതല്ല. ഗാർഹിക പീഡനത്തിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കാനുള്ള നിയമം കൃത്യമായി നടപ്പാക്കുകയാണ് വേണ്ടത്. സർക്കാർ മതകാര്യങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കണം. ഏക സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ ആദ്യ പടിയാണ് മുത്തലാഖ് നിരോധനമെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡിന്റെ വനിതാ വിഭാഗം നേതാക്കളും പ്രതിഷേധ സംഗമിത്തലുണ്ടായിരുന്നു.
മുത്തലാഖ് വഴി വിവാഹ മോചനം ചെയ്യുന്ന പുരുഷന് മൂന്ന് വർഷം തടവ് ശിക്ഷ നൽകുമെന്ന് ബില്ലിൽ പറയുന്നു. പുരുഷനെ ജയിലിൽ അടച്ചാൽ മക്കളെ പരിപാലിക്കുക, ഭാവി ജീവിതം മുന്നോട്ട് നയിക്കുക എന്നീ കാര്യങ്ങളെല്ലാം സ്ത്രീക്ക് മുന്നിൽ ചോദ്യമായി നിൽക്കുന്നു. ഈ പ്രശ്‌നങ്ങൾക്കുള്ള പരിഹാരം ബില്ലിൽ ഇല്ലെന്നു വ്യക്തി നിയമ ബോർഡ് വനിതാ വിഭാഗം നേതാവ് ഡോ. അസ്മ സഹ്‌റ എടുത്തു പറഞ്ഞു. മുംബൈ നഗരത്തിൽ ആദ്യമായാണ് ഇത്രയും മുസ്ലിം സ്ത്രീകളുടെ പങ്കാളിത്തത്തോടെ പ്രതിഷേധം നടക്കുന്നത്. 50,000 ത്തിലധികം സ്ത്രീകൾ പങ്കെടുത്തുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.