Sorry, you need to enable JavaScript to visit this website.

ബംഗളൂരുവില്‍ ബൈക്കപകടത്തില്‍ മലയാളി ഡോക്ടറുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

ബംഗളൂരു- ജാലഹള്ളി ക്രോസില്‍ ബൈക്കപകടത്തില്‍ മലയാളി യുവ ഡോക്ടറുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കോട്ടയം മറ്റക്കര വാക്കയില്‍വീട്ടില്‍ മാത്യുവിന്റെയും മേരിക്കുട്ടിയുടെയും മകന്‍ ഡോ. ജിബിന്‍ ജോസ് മാത്യു (29), ഗുജറാത്ത് സ്വദേശിയും എറണാകുളം ടി.ഡി. റോഡ് ഇന്ദ്രധനുസ്സ് അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനുമായ വിനോദ് ഷായുടെയും ഉഷയുടെയും മകന്‍ കരണ്‍ ഷാ (27) എന്നിവരാണ് മരിച്ചത്.

ജാലഹള്ളി എച്ച്.എം.ടി. റോഡില്‍ ജല്‍ വായു അപ്പാര്‍ട്ട്‌മെന്റിന് സമീപം തിങ്കളാഴ്ച പുലര്‍ച്ചെ 1.40-നായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി. പിന്നീട് സമീപത്തെ ചെറുമരത്തിലിടിച്ചശേഷം റോഡിലേക്ക് വീഴുകയായിരുന്നു. തലയടിച്ച് റോഡില്‍വീണ ഇരുവരും തത്ക്ഷണം മരിച്ചു.

ബെംഗളൂരു എച്ച്.എസ്.ആര്‍. ലേഔട്ടിലെ സ്വകാര്യ ഡെന്റല്‍ ക്ലിനിക്കിലെ ഡോക്ടറാണ് ജിബിന്‍. മാറത്തഹള്ളി ബാഗ്മനെ ടെക്പാര്‍ക്കിലെ ഐ.ടി. കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറാണ് കരണ്‍. രണ്ടുപേരും ജാലഹള്ളിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഒന്നിച്ചായിരുന്നു താമസം.

ജിബിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം നാട്ടിലെത്തിച്ചു. ജിബിന്റെ സഹോദരി: ജിലു (യു.കെ.).

 

Latest News