Sorry, you need to enable JavaScript to visit this website.

സന്തോഷ് ട്രോഫി കിരീടം കേരളത്തിന്

കൊല്‍ക്കത്ത- 14 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം കേരളം ഒരിക്കല്‍ കൂടി ദേശീയ ഫുട്‌ബോള്‍ കീരിടം ചൂടി. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന സന്തോഷ് ട്രോഫി ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ പശ്ചിമ ബംഗാളിനെ കീഴടക്കിയാണ് കേരളം ആറാം തവണ ജേതാക്കളായത്. നിശ്ചിത സമയവും കഴിഞ്ഞ് അനുവദിക്കപ്പെട്ട അധികസമയത്തും 2-2ന് സമനിലയില്‍ പിരിഞ്ഞതോടെ കളി ഷൂട്ടൗട്ടിലേക്ക് നീണ്ടു. പെനല്‍റ്റിയില്‍ കേരളം-4, ബംഗാള്‍-2. 

പെനല്‍റ്റി ഷൂട്ടൗട്ടില്‍ കേരള ഗോള്‍ക്കീപ്പര്‍ മിഥുന്‍ വിയുടെ പ്രകടനമാണ് വിജയത്തില്‍ നിര്‍ണായകമായത്. ബംഗാളിന്റെ ആദ്യ രണ്ടു കിക്കുകള്‍ തുടര്‍ച്ചയായി തടുത്തിട്ട മിഥുന്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബംഗാളിന്റെ ആക്രമണ നീക്കങ്ങളാണ് കളിയുടെ ആദ്യ മിനിറ്റുകളില്‍ കണ്ടത്. ഇതിനിടെ കൈവന്ന ഒരു അവസരം കേരളം പാഴാക്കിയെങ്കിലും 19-ാം മിനിറ്റില്‍ എം എസ് ജിതിന്‍ ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തു. വീണ്ടും രണ്ടു സുവര്‍ണാവസരങ്ങള്‍ കൂടി 34-ാം മിനിറ്റിലും 46-ാം മിനിറ്റിലും കേരളം പാഴാക്കി. കളം നിറഞ്ഞു കളിച്ച് തിര്‍തങ്കര്‍ സര്‍ക്കാര്‍ ബംഗാളിനെ കരകേറ്റാന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോളടിക്കാനായില്ല. 

ആദ്യ പകുതിക്കു ശേഷം ബംഗാള്‍ ക്യാപ്റ്റന്‍ ജിതേന്‍ മുര്‍മുവാണ് മികച്ച നീക്കത്തിലൂടെ പന്ത് വലയിലെത്തിച്ച് സമനിലയിലെത്തിച്ചത്. മൂന്നാമതൊരു ഗോള്‍ കാണാതെ കളിയുടെ നിശ്ചിത സമയം അവസാനിച്ചു. എക്‌സ്ട്രാ ടൈമില്‍ ബംഗാളിന്റെ രാജന്‍ ബര്‍മന് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായതും ബംഗാളിന് തിരിച്ചടിയായി. പത്തു പേരെ വച്ച് ബംഗാള്‍ കളി തുടരുന്നതിനിടെയാണ് കളി അവസാനിക്കാന്‍ വെറും നാലു മിനിറ്റു കൂടി ബാക്കി നില്‍ക്കെ വിപിന്‍ തോമസ് ഹെഡറിലൂടെ കേരളത്തിന്റെ രണ്ടാം ഗോള്‍ പിറന്നത്. എന്നാല്‍ തിര്‍തങ്കര്‍ സര്‍ക്കാര്‍ മനോഹരമായ ഒരു ഫ്രീകിക്കിലൂടെ കേരളത്തെ വീണ്ടും സമനിലയില്‍ തളച്ചതോടെയാണ് ഷൂട്ടൗട്ട് വേണ്ടി വന്നത്.

2013-ലാണ്് ഇതിനു മുമ്പ് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ കളിച്ചത്. അന്ന് സര്‍വീസസിനോട് സ്വന്തം നാട്ടില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. 2005-ല്‍ ദല്‍ഹിയില്‍ നടന്ന ഫൈനലിലാണ് പഞ്ചാബിനെ തോല്‍പ്പിച്ച് കേരളം ഇതിനു മുമ്പ് കിരീടം ചൂടിയത്. 
 


 

Latest News