മുസഫര്‍നഗര്‍- ഉത്തരേന്ത്യയില്‍ സിബിഎസ്ഇ ചോദ്യചോര്‍ച്ചാ വിവാദം കത്തി നില്‍ക്കുമ്പോള്‍ ഉത്തര്‍ പ്രദേശില്‍ ചിരിയുണര്‍ത്തുന്ന ഉത്തരക്കടലാസുകള്‍. യുപി ബോര്‍ഡ് നടത്തിയ പത്താം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയത്തിനിടെയാണ് ചിരിപ്പിച്ചു കൊല്ലുന്ന സന്ദേശങ്ങളടങ്ങിയ ഉത്തരക്കടലാസുകള്‍ അധ്യാപര്‍ക്ക് ലഭിച്ചത്. 'പ്രണയത്തില്‍ കുടുങ്ങിപ്പോയി, അതു കൊണ്ട് പഠിക്കാന്‍ കഴിഞ്ഞില്ല സാറെ' എന്നാണ് രസതന്ത്ര പരീക്ഷയുടെ ഉത്തരക്കടലാസില്‍ ഒരു വിദ്യാര്‍ത്ഥി എഴുതിയ ഉത്തരം. പ്രണയത്തിന്റെ രസതന്ത്രത്തെ കുറിച്ചുള്ള കാവ്യാത്മാക വരികളിലാണ് തനിക്കു പഠിക്കാന്‍ കഴിയാതെ പോയതിന്റെ കാരണം ഈ വിദ്യാര്‍ത്ഥി കുറിച്ചിട്ടത്. 'യെ മൊഹബത്ത് ഭി ക്യാ ചീസ് ഹെ, ന ജീനെ ദേതീ ഹെ ന മര്‍നെ...' (ഈ പ്രണയമൊരു അസാധാരണ സംഭവം തന്നെ. അതെന്നെ ജീവിക്കാനും സമ്മതിക്കുന്നില്ല മരിക്കാനും വിടുന്നില്ല). ഈ പ്രണയകഥ എന്നെ പരീക്ഷയ്ക്കു പഠിക്കാന്‍ അനുവദിച്ചില്ല സാര്‍... ഇല്ലെങ്കില്‍ ഞാന്‍ ഉത്തരങ്ങളെഴുതിയേനെ... ഐ ലവ് മൈ പൂജാ.. എന്നു മാത്രമായിരുന്നു ഉത്തരക്കടലാസില്‍ ആകെ കുറിച്ചിരുന്നത്.
ഇതിലെറെ രസകരമായ സംഭവങ്ങളും ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിനിടെ ലഭിച്ചിട്ടുണ്ടെന്ന് മുസാഫര്‍നഗര്‍ ജില്ലാ സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ മുനേഷ് കുമാര്‍ പറയുന്നു. 'കറന്‍സി നോട്ടുകള്‍ കൊളുത്തിവച്ചതും വിചിത്ര സന്ദേശങ്ങളെഴുതിവച്ചതുമായ ഉത്തരക്കടലാസുകളും ലഭിച്ചിട്ടുണ്ട്,' അദ്ദേഹം പറയുന്നു. 'ഉത്തരക്കടലാസ് തുറക്കുന്നതിനു മുമ്പ് ഗുരുജിക്ക് എന്റെ നമസ്‌ക്കാരം. ദയവു ചെയ്ത് എന്നെ ജയിപ്പിക്കണം. എന്റെ അക്ഷരങ്ങളെ... സാറിനടുത്തേക്ക് പാറിപ്പോകൂ... ജയവും പരാജയവും സാറിന്റെ നിശ്ചയമാണ്,' എന്നായിരുന്നു മറ്റൊരു ഉത്തരക്കടലാസില്‍ കണ്ടത്. മറ്റൊരു ഉത്തരക്കടലാസില്‍ വളരെ വൈകാരികമായാണ് കാര്യം പറഞ്ഞിട്ടുള്ളത്. 'എനിക്ക് അമ്മയില്ല. പരീക്ഷയില്‍ തോറ്റാല്‍ അചഛന്‍ എന്നെ കൊല്ലും.' പരീക്ഷയില്‍ തോറ്റാല്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമുണ്ട് ചിലര്‍ക്ക്.
ഉത്തരക്കടലാസിനൊപ്പം നോട്ടുകള്‍ കൊളുത്തിവയ്ക്കുന്നതും യുപിയില്‍ പതിവാണെന്ന് മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുന്ന ഒരു അധ്യാപകന്‍ പറയുന്നു. ഇതും ഇത്തരം സന്ദേശങ്ങളെഴുതിവയ്ക്കുന്നതും അധ്യാപകരുടെ അനുകമ്പ പിടിച്ചു പറ്റാനാണെന്നും അദ്ദേഹം പറയുന്നു. മാര്‍ച്ച് 17-നാണ് 248 കേന്ദ്രങ്ങളിലായി യുപിയിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം ആരംഭിച്ചത്. ഇതുവരെ 60 ലക്ഷം ഉത്തരക്കടലാസുകള്‍ പൂര്‍ത്തിയാക്കി. 5.5 കോടി ഉത്തരക്കടലാസുകള്‍ 1.46 ലക്ഷം അധ്യാപകര്‍ ചേര്‍ന്നാണ് മൂല്യംനിര്‍ണയം നടത്തിവരുന്നത്.