Sorry, you need to enable JavaScript to visit this website.

സിബിഎസ്ഇ ചോദ്യചോര്‍ച്ച: അധ്യാപകരടക്കം മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

ന്യൂദല്‍ഹി- സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ രണ്ട് അധ്യാപകരേയും ഒരു കോച്ചിങ് കേന്ദ്രം ഉടമയേയും ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ചോര്‍ത്തിക്കിട്ട ചോദ്യപേപ്പര്‍ വാട്‌സാപ്പ് മുഖേന പ്രചരിപ്പിച്ചെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. ദല്‍ഹിയിലെ ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപകരായ റിഷഭ്, രോഹിത് എന്നിവരേയും കോച്ചിങ് കേന്ദ്രം നടത്തിപ്പുകാരന്‍ തൗഖീര്‍ എന്നയാളെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം പോലീസ് കൂടുതല്‍ ചോദ്യം ചെയ്യും. 

പരീക്ഷാ ദിവസം രാവിലെ ഒമ്പതു മണിക്കാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്ന് അധ്യാപകര്‍ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.  ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ദല്‍ഹിയിലെ മൂന്ന് സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരേയും ആറ് അധ്യാപകരേയും ചോദ്യം ചെയ്തതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഭാവന സ്‌കൂളിലെ പ്രിന്‍സിപ്പലിനേയും രണ്ട് അധ്യാപകരേയും പോലീസ് രാത്രി വൈകുവോളം ചോദ്യം ചെയ്തു. പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് ചോദ്യപേപ്പര്‍ പരീക്ഷയ്ക്കു മുമ്പ് തുറന്നിരിക്കാമെന്ന സംശത്തെ തുടര്‍ന്നാണ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്തത്. 

സോനിപത്തിലെ ഒരു സിബിഎസ്ഇ ഉദ്യോഗസ്ഥനും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ചോര്‍ന്ന ചോദ്യപേപ്പറുകള്‍ ഈ ഉദ്യോഗസ്ഥന്റെ സംരക്ഷണത്തിലുള്ളവയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുണ്ടെന്ന വിവരം സിബിഎസ്ഇയെ ആദ്യമായി അറിയിച്ചതും അധ്യാപകരില്‍പ്പെട്ട ആരെങ്കിലുമായിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ ഇതാരാണെന്ന് കണ്ടെത്താന്‍ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കഴിഞ്ഞിട്ടില്ല. ചോര്‍ന്ന വിവരം ആദ്യമായി വെളിച്ചത്തു കൊണ്ടുവന്നയാളെ തിരിച്ചറിയാനുള്ള പരിശ്രമത്തിലാണ് പോലീസ്. 

അതിനിടെ പത്താം ക്ലാസ് കണക്ക് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുണ്ടെന്നും പരീക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സിബിഎസ്ഇ മേധാവിക്ക് ഇമെയില്‍ അയച്ചയാളെ തിരിച്ചറിഞ്ഞു. ഇയാളെ തിരിച്ചറിയാന്‍ പോലീസ് ഗുഗഌന്റെ സഹായം തേടിയിരുന്നു. ഇയാള്‍ ജിമെയില്‍ മുഖേനയാണ് മെയില്‍ അയച്ചത്. ഇതിനുപയോഗിച്ച ഐപി അഡ്രസ് ഗുഗ്ള്‍ പോലീസിനു കൈമാറി. ഒരു പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ രക്ഷിതാവാണ് ഇദ്ദേഹം.

ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ആറ് വാട്‌സാപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഈ ഗ്രൂപ്പുകള്‍ വഴിയാണ് ചോദ്യപ്പേപ്പറുകള്‍ പ്രചരിച്ചതെന്ന് തെളിഞ്ഞിരുന്നു.
 

Latest News