കശമീര്‍ ഏറ്റുമുട്ടലുകളില്‍  എട്ടു ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍- ജമ്മു കശ്മീരിലെ ഷോപ്പിയാന്‍, അനന്ത്നാഗ് ജില്ലകളില്‍ വിവിധ ഏറ്റുമുട്ടലുകളിലായി സുരക്ഷാ സേന എട്ടു ഭീകരരെ വധിച്ചു. ഷോപ്പിയാനിലെ ദ്രഗാഡ്, കച്ച്ഡൂര എന്നിവടങ്ങളില്‍ ഏറ്റമുട്ടല്‍ തുടരുകയാണ്. ദ്രഗാഡില്‍നിന്ന് ഏഴു ഭീകരരുടെ മൃതദേഹം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി എസ്. പി. വൈദ് സ്ഥിരീകരിച്ചു. ഇവിടെ നിന്ന് വന്‍ ആയുധ ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. കച്ച്ഡൂരയില്‍ ഏതാനും ഭീകരര്‍ വീടുകളില്‍ കയറി ഒളിച്ചിരിക്കുകയാണ്. ഇതോടെ സാധാരണക്കാരായ പ്രദേശ വാസികളും കുടുങ്ങിയിരിക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായും പോലീസ് അറിയിച്ചു. 

ഏറ്റുമുട്ടലുകളില്‍ രണ്ടു സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാവിലെ അനന്ത്നാഗിലെ ദിയാല്‍ഗമിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെടുകയും മറ്റൊരാളെ പിടികൂടുകയും ചെയതിരുന്നു. ഇവിടെയും സുരക്ഷാ സേന അതീവ ജാഗ്രതയിലാണ്. ഭീകരര്‍ക്കു വേണ്ടിയുള്ള തിരച്ചിലിനിടെ സുരക്ഷാ സേനയ്ക്കു നേരെ ആക്രമണമുണ്ടാകുകയും ഇത് ഏറ്റുമുട്ടലില്‍ കലാശിക്കുകയുമായിരുന്നു. 

Latest News