Sorry, you need to enable JavaScript to visit this website.

നടി നിഖിലയെ പിന്തുണച്ച് എം.മുകുന്ദന്‍, പശുവിനെ ഭയപ്പെടുത്തുന്ന മൃഗമാക്കി

കെ.എസ്.ടി.എ സംസ്ഥാന അധ്യാപക കലോത്സവം കാരപ്പറമ്പ് ജി.എച്ച്.എസ്.എസിൽ എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്-  പാവം മൃഗമാണെന്ന് പാഠപുസ്തകത്തില്‍ വായിച്ച പശുവിനെ ഭയപ്പെടുത്തുന്ന മൃഗമാക്കി മാറ്റിയതാരാണെന്ന് ഓര്‍ക്കണമെന്നും പശുവിനെ തൊട്ടാല്‍ കലാപമുണ്ടാകുമെന്ന സ്ഥിതി വന്നെത്തിയെന്നും എം. മുകുന്ദന്‍.

കാരപ്പറമ്പില്‍ കെ.എസ്.ടി.എ സംസ്ഥാന അധ്യാപക കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതില്‍ പശുവിന് മാത്രം ഇളവ് ലഭിക്കുന്നത് ശരിയല്ലെന്നും വെട്ടുന്നില്ലെങ്കില്‍ ഒന്നിനേയും വെട്ടരുതെന്നും നടി നിഖില വിമല്‍ പറഞ്ഞത് ശരിയാണ്. സ്ത്രീ മുഖ്യമന്ത്രി ഉണ്ടാകണമെന്നാണ് തന്റെ സ്വപ്നം. സ്ത്രീകള്‍ക്ക് ഏതുസമയത്തും സ്വതന്ത്രരായി നടക്കാനാവാത്ത പോരായ്മ മാറണം.

വീണ്ടും ജന്മമുണ്ടെങ്കില്‍ മലയാളിയായി ജനിച്ച് ഇവിടെ തന്നെ ജീവിക്കാനാണ് താല്‍പര്യം. ഏറ്റവും സുരക്ഷിതമായ കേരളത്തെ പിറകോട്ടുവലിക്കാന്നാണ് പലരും ശ്രമിക്കുന്നത്. അതിനെ പ്രതിരോധിക്കണം. അധ്യാപകരുടെ സൃഷ്ടിയാണ് കേരളം എന്നു പറഞ്ഞാല്‍ തെറ്റില്ല. അധ്യാപകര്‍ പൂര്‍ണമാകണമെങ്കില്‍ ഇടതു മനസ്സുള്ളവരാവണമെന്നും മുകുന്ദന്‍ പറഞ്ഞു.
കലോത്സവ സപ്ലിമെന്റ് സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ വി.പി. രാജീവനു നല്‍കി അദ്ദേഹം പ്രകാശനം ചെയ്തു.  കോര്‍പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എന്‍.ടി. ശിവരാജന്‍, കെ. രാഘവന്‍ എന്നിവര്‍ സംസാരിച്ചു. ലോഗോ തയാറാക്കിയ സിഗ്‌നി ദേവരാജിനെ സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ് ആദരിച്ചു.

 

Latest News