ന്യൂയോര്‍ക്ക്- അമേരിക്കയില്‍ പതിനെട്ടുകാരന്‍ നടത്തിയ വെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ന്യൂയോര്‍ക്കിലെ ബഫല്ലോയില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലായിരുന്നു സംഭവം.വര്‍ണവെറിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. ഇരകളില്‍ ഭൂരിഭാഗവും കറുത്തവംശജരാണെന്ന് പോലീസ് അറിയിച്ചു. വെളുത്തവംശജനായ അക്രമി, ആക്രമണം ക്യാമറയിലൂടെ ലൈവ് സ്ട്രീം ചെയ്യുകയും ചെയ്തിരുന്നു.
ആക്രമണം നടത്തുന്ന വേളയില്‍ ഇയാള്‍ ഹെല്‍മെറ്റും ധരിച്ചിരുന്നു. അക്രമിയെ അറസ്റ്റ് ചെയ്തതായി ബഫല്ലോ പോലീസ് കമ്മിഷണര്‍ ജോസഫ് ഗ്രാമഗ്‌ലിയ അറിയിച്ചു.സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിങ്ങിലായിരുന്നു 18കാരന്‍ ആക്രമണം ആരംഭിച്ചത്. ഇവിടെവെച്ച് നാലുപേര്‍ക്കു നേരെ വെടിയുതിര്‍ത്തു. പിന്നീട് സൂപ്പര്‍ മാര്‍ക്കറ്റിനുള്ളിലേക്ക് കടക്കുകയും വെടിവെപ്പ് തുടരുകയുമായിരുന്നെന്നും ഗ്രാമഗ്‌ലിയ കൂട്ടിച്ചേര്‍ത്തു.
പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോള്‍, അക്രമി തോക്ക് സ്വന്തംകഴുത്തില്‍വെച്ച് ഭീഷണിമുഴക്കി. തുടര്‍ന്ന് പോലീസ് ഇയാളോട് സംസാരിച്ച് ശാന്തനാക്കുകയും ഒടുവില്‍ കീഴടങ്ങുകയുമായിരുന്നു.