Sorry, you need to enable JavaScript to visit this website.

ഇന്റർനാഷണൽ ഐസ് സ്‌കേറ്റിംഗ്; മലയാളി യുവാവിന് സ്വർണം

നെടുമ്പാശേരി- ദുബായ് ഐസ് സ്‌കേറ്റിംഗ് അസോസിയേഷൻ സംഘടിപ്പിച്ച ഇന്റർനാഷണൽ ഐസ് സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ മലയാളി യുവാവ് സ്വർണം നേടി.  അപകടസാധ്യതയേറിയ മത്സരത്തിൽ മലയാളി താരം ചാമ്പ്യനായിട്ടും അർഹിക്കുന്ന പരിഗണന ആരും നൽകുന്നില്ലെന്നാണ് ആക്ഷേപം.
ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച കുന്നുകര പഞ്ചായത്ത് സൗത്ത് അടുവാശേരിയിൽ തമാസിക്കുന്ന മേക്കാട് വീട്ടിൽ വൈഷ്ണവ് ആർ. നായരാണ് മലയാളികളുടെ അഭിമാനമായത്. നെടുമ്പാശേരിയിൽ എയർ ഇന്ത്യ ഫ്‌ളൈറ്റ് സൂപ്പർവൈസർ പറവൂർ തോന്നിയകാവ് സ്വദേശി രമേഷ് കുമാർ -സത്യ ദമ്പതികളുടെ മകനാണ് 19കാരനായ വൈഷ്ണവ്. തുടർച്ചയായി ആറ് വർഷം ദേശീയ ചാമ്പ്യൻപട്ടം നേടിയ വൈഷ്ണവ് ആദ്യമായിട്ടാണ് ഇന്റർനാഷണൽ മത്സരത്തിൽ ചാമ്പ്യനാകുന്നത്. 
ആറാം ക്ലാസിൽ പഠിക്കുമ്പോൾ മാതാപിതാക്കൾക്കൊപ്പം ഇടപ്പള്ളി ലുലുമാൾ സന്ദശിക്കാനെത്തിയ വൈഷ്ണവ് കൗതുകത്തിന് ഇവിടത്തെ ഐസ് സ്‌കേറ്റിംഗിൽ കയറിയത് വഴിത്തിരിവാകുമെന്ന് ആരും കരുതിയില്ല. 
ഇവിടെ സഹായിയായി നിന്ന അനീഷാണ് വൈഷ്ണവിന്റെ കഴിവ് തിരിച്ചറിഞ്ഞ് പരിശീലനത്തിന് ആദ്യം ഉപദേശിച്ചത്. ദൽഹിയിലെ പരിശീലന കേന്ദ്രത്തിന്റെ വിലാസവും നൽകി. അപകടകരമായ ഇനമാണെന്ന് അറിയാമെങ്കിലും മകന്റെ താത്പര്യം തിരിച്ചറിഞ്ഞ മാതാപിതാക്കൾ ദൽഹിയിലെത്തി 10 ദിവസത്തെ പരിശീലനം നേടി. ദൽഹിയിൽ നടന്ന ആദ്യമത്സരത്തിൽ പിന്തള്ളപ്പെട്ടുവെങ്കിലും പിന്നീട് പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനത്തെത്തി. തായ്‌ലന്റിൽ നടന്ന ഒരു മത്സരത്തിലും പങ്കെടുത്തു.
ദുബായിയിൽ നടന്ന മത്സരത്തിൽ അമേരിക്ക, റഷ്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളിൽ നിന്നായി ജൂനിയർ വിഭാഗത്തിൽ എട്ട് പേർ മത്സരിച്ചു. ഇന്ത്യയിൽ നിന്നും മറ്റ് വിഭാഗങ്ങളിലും മത്സരിച്ചെങ്കിലും മെഡൽ നേടാനായില്ല. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഐസ് സ്‌കേറ്റിംഗ് പരിശീലനത്തിനായി വൈഷ്ണവിന്റെ കുടുംബം ചെലവഴിച്ചത് 10 ലക്ഷത്തോളം രൂപയാണ്.  ഒരു മണിക്കൂർ പരിശീലനത്തിന് 800 രൂപയാണ് ഫീസ്. ജർമ്മൻ സ്വദേശിയായ ജോൺ ആണ് ദൽഹിയിലെ മുഖ്യപരിശീലകൻ. അവിടെയെത്തി താമസിച്ച് പരിശീലനം നേടുന്നതിന് സർക്കാരിന്റെയോ മറ്റ് സംഘടനകളുടെയോ സഹായമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഐസ് സ്‌കേറ്റിംഗ് താത്പര്യം കൂടിയതോടെ പ്ലസ് ടു പഠനം പോലും പ്രൈവറ്റായിട്ടാണ് പൂർത്തീകരിച്ചത്. ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സിനുള്ള തയ്യാറെടുപ്പിലാണ് വൈഷ്ണവ്.
 

Latest News