കൊൽക്കത്ത- ഒന്നര പതിറ്റാണ്ടിനിടയിൽ, കൃത്യമായി പറഞ്ഞാൽ 14 വർഷത്തിനു ശേഷം സന്തോഷ് ട്രോഫിയിൽ മുത്തമിടാൻ സുവർണാവസരം കൈവന്നിരിക്കുകയാണ് കേരളത്തിന്. ഫൈനലിൽ എതിരാളികൾ ബദ്ധവൈരികളായ ബംഗാൾ ആണെന്നതും, മത്സരം നടക്കുന്നത് അവരുടെ തട്ടകമായ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണെന്നതും ശരി തന്നെ. പക്ഷെ, ടൂർണമെന്റിലെ അവസാന ലീഗ് മത്സരത്തിൽ ഇതേ ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചതിന്റെ ആത്മവിശ്വാസം കേരള കോച്ച് സതീവൻ ബാലനും, ക്യാപ്റ്റൻ രാഹുൽ വി. രാജിനും കളിക്കാർക്കുമെല്ലാമുണ്ട്. ഈ മുൻതൂക്കവുമായാണ് ഇന്ന് കേരളം കലാശപ്പോരാട്ടത്തിനിറങ്ങുന്നതും.
സാങ്കേതികമായി നോക്കിയാൽ വിജയിക്കേണ്ടത് കേരളം തന്നെയാണ്. ടൂർണമെന്റിലെ ഇതുവരെയുള്ള പ്രകടനത്തിലൂടെ അവരത് തെളിയിക്കുകയും ചെയ്തു. എന്നാൽ കളി മികവുകൊണ്ടു മാത്രം ഒരു ടീമും ടൂർണമെന്റുകൾ ജയിച്ചിട്ടില്ലല്ലോ. അതിന് ഭാഗ്യം കൂടി വേണം.
പിന്നീട് കാണികളുടെ പിന്തുണയും മറ്റ് പല ഘടകങ്ങളും ഒത്തുവരണം. ഇത്തരം ഘടകങ്ങളെല്ലാം ഒത്തുവന്നതിനാലാണ് കഴിഞ്ഞ ദിവസം സെമി ഫൈനലിൽ കരുത്തരായ മിസോറമിനെ കേരളത്തിന് കീഴടക്കാൻ കഴിഞ്ഞത്.
അതിനുമുമ്പ് ബംഗാളിനെതിരെ വിജയം നേടിയ സംഘത്തിൽ മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് മിസോറമിനെതിരെ സതീവൻ ബാലൻ ടീമിനെ സജ്ജമാക്കിയത്. പക്ഷെ മാറ്റങ്ങൾ വേണ്ടത്ര ഫലം ചെയ്തില്ലെന്ന് ആദ്യ പകുതിയിൽ അവസരങ്ങൾ നഷ്ടപ്പെടുത്തിയതിലൂടെ തെളിഞ്ഞു. ഇതേത്തുടർന്ന് പകരക്കാരനായി ഇറക്കിയ വി.കെ. അഫ്ദലാണ് കേരളത്തിന്റെ വിജയ ഗോൾ നേടുന്നത്. ബംഗാളിന്റെ ശക്തിയും ദൗർബല്യവും ശരിയായി മനസ്സിലാക്കിക്കഴിഞ്ഞ സതീവൻ ഇന്ന് അതിനനുസരിച്ചുള്ള തന്ത്രങ്ങൾ തന്നെയാവും മെനയുക. എന്നാൽ ഗ്രൂപ്പ് മത്സരത്തിലെ തോൽവിക്ക് പകരം വീട്ടുക എന്ന വാശിയോടെയായിരിക്കും വംഗ പോരാളികളുടെ വരവ്. കേരള ടീമിനെ അവരും നന്നായി പഠിച്ചിട്ടുണ്ടാവുമല്ലോ. അവർക്ക് നാട്ടുകാരായ കാണികളുടെ നല്ല പിന്തുണയും കിട്ടും. അതിനെയെല്ലാം മറികടക്കാൻ കേരളത്തിന് കളി മികവ് മാത്രം പോരാതെ വരും. കളി മികവുകൊണ്ടും, കായിക മികവുകൊണ്ടും വെല്ലുവിളി ഉയർത്തിയ മിസോറമിനെ ഭദ്രമായി പ്രതിരോധിച്ചും കൃത്യമായി ആക്രമിച്ചുമാണ് സെമിയിൽ കേരളം വീഴ്ത്തിയത്.
അഞ്ച് തവണ സന്തോഷ് ട്രോഫി ഉയർത്തിയിട്ടുള്ള കേരളം അവസാനമായി ചാമ്പ്യന്മാരായത് 2004 ലാണ്. അന്ന് ദൽഹിയിൽ പഞ്ചാബിനെ കീഴടക്കിയായിരുന്നു ആസിഫ് സഹീറും അബ്ദുൽ ഹഖീമുമടങ്ങുന്ന സംഘം കപ്പുയർത്തിയത്. അതിനു ശേഷം വീണ്ടും അവസരം കൈവന്നതാണ്, സ്വന്തം നാട്ടിൽ ടൂർണമെന്റ് നടന്ന 2013 ൽ. പക്ഷെ ഫൈനലിൽ സർവീസസിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റു. 1973, 91, 92, 2000 വർഷങ്ങളിലായിരുന്നു അതിനു മുമ്പ് കേരളം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടത്.
32 തവണ സന്തോഷ് ട്രോഫി ജേതാക്കളായ ബംഗാൾ നിലവിലെ ചാമ്പ്യന്മാരുമാണ്. ഗോവയിൽ നടന്ന കഴിഞ്ഞ ടൂർണമെന്റിന്റെ ഫൈനലിൽ ആതിഥേയരെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചായിരുന്നു ബംഗാളിന്റെ കിരീട നേട്ടം. ഇതിനുമുമ്പ് കലാശപ്പോരാട്ടത്തിൽ കേരളം ബംഗാളിനെ നേരിട്ടിട്ടുള്ളത് 1993 ലായിരുന്നു. അന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ ജയിച്ച് ബംഗാൾ ട്രോഫിയും കൊണ്ടുപോയി. അതടക്കം എട്ട് തവണയാണ് കേരളം സന്തോഷ് ട്രോഫിയിൽ റണ്ണറപ്പാവുന്നത്.