റിയാദ് - അമേരിക്കൻ സൈന്യം സിറിയയിൽ തുടരേണ്ടത് അനിവാര്യമാണെന്ന് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. അമേരിക്കയിലെ ടൈംസ് മാസികക്ക് നൽകിയ അഭിമുഖത്തിലാണ് യുദ്ധം പിച്ചിച്ചീന്തിയ സിറിയയിൽ അമേരിക്കൻ സൈന്യം തുടരണമെന്ന് കിരീടാവകാശി ആവശ്യപ്പെട്ടത്.
സിറിയയിൽനിന്ന് അമേരിക്കൻ സൈന്യം വൈകാതെ പിൻവാങ്ങുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സിറിയയിലെ അമേരിക്കൻ സൈനിക സാന്നിധ്യം മേഖലയിൽ സ്വാധീനം വ്യാപിപ്പിക്കുന്നതിൽനിന്ന് ഇറാനെ തടയുന്നതിനുള്ള അവസാന ശ്രമമാണെന്ന് കിരീടാവകാശി പറഞ്ഞു. അമേരിക്കൻ സൈനിക സാന്നിധ്യം സിറിയയുടെ ഭാവിയുടെ കാര്യത്തിൽ തങ്ങളുടേതായ അഭിപ്രായം പ്രകടിപ്പിക്കുന്നതിന് അമേരിക്കക്കും അവസരം നൽകും.
ബെയ്‌റൂത്തിനെ സിറിയയും ഇറാഖും വഴി തെഹ്‌റാനുമായി ബന്ധിപ്പിക്കുന്ന കരപാത സ്ഥാപിക്കുന്നതിനാണ് തങ്ങളുടെ ഏജൻസികളായി പ്രവർത്തിക്കുന്ന മിലീഷ്യകൾ വഴി ഇറാൻ ശ്രമിക്കുന്നത്. ശിയാ ചന്ദ്രക്കല എന്ന പേരിൽ അറിയപ്പെടുന്ന പദ്ധതിയാണിത്. ഇതിലൂടെ സംഘർഷങ്ങൾ നിറഞ്ഞ മേഖലയിൽ ഇറാന് കൂടുതൽ സ്വാധീനം ലഭിക്കും. കിഴക്കൻ സിറിയയിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിച്ചാൽ മേഖലയിൽ പരിശോധനക്കുള്ള അവസരമില്ലാതാകും.
ബെയ്‌റൂത്തിൽനിന്ന് സിറിയ, ഇറാഖ് വഴി തെഹ്‌റാനിലേക്കുള്ള ഇടനാഴി മേഖലയിൽ നിരവധി പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ബശാർ അൽഅസദ് അധികാരത്തിൽനിന്ന് പുറത്തു പോകുമെന്ന് കരുതുന്നില്ല. ഇറാന്റെ കൈകളിലെ കളിപ്പാവയായി ബശാർ അൽഅസദ് മാറരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
കിഴക്കൻ സിറിയയിലെ ദേർഅസ്സൂറിലാണ് അമേരിക്കൻ സൈനിക താവളമുള്ളത്. യൂഫ്രട്ടീസ് നദിക്കരയിലെ ഗ്രാമങ്ങളിലും സിറിയ, ഇറാഖ് അതിർത്തിയിലെ മരുഭൂമിയിലും കഴിയുന്ന അവശേഷിക്കുന്ന ഐ.എസ് ഭീകരരെ ഇല്ലാതാക്കുന്നതിന് സിറിയൻ പ്രതിപക്ഷ പോരാളികളുമായുള്ള ഏകോപനത്തോടെ അമേരിക്കൻ സൈന്യം പ്രത്യേക ഓപ്പറേഷനുകൾ നടത്തുന്നു.