പുല്‍പള്ളി- ഭവന വായ്പ കുടിശിക തിരിച്ചുപിടിക്കുന്നതിനുള്ള ധനകാര്യ സ്ഥാപനത്തിന്റെ കര്‍ശന നീക്കത്തില്‍ മനംനൊന്ത് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജീവനൊടുക്കി. കല്‍പറ്റ കോടതിയില്‍ അഡീഷണല്‍ ഗവ.പ്ലീഡറും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന
ഇരുളം മുണ്ടോട്ടുചുണ്ടയില്‍ ടോമിയാണ്(56) മരിച്ചത്. വീട്ടിലെ കിടപ്പുമുറിയില്‍ ഫാനില്‍ കെട്ടിത്തുങ്ങിയ നിലയില്‍ വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാത്രി വീട്ടില്‍ ടോമി മാത്രമാണ് ഉണ്ടായിരുന്നത്. ഭാര്യ പുഷ്പയെ പാട്ടവയലിലേക്കുള്ള പിതൃഗൃഹത്തിലേക്കു പറഞ്ഞുവിട്ടിരുന്നു. രണ്ടു പെണ്‍മക്കളില്‍ ഒരാള്‍ വിവാഹിതയാണ്. മറ്റൊരാള്‍ വിദ്യാര്‍ഥിനിയാണ്.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുല്‍പള്ളി ശാഖയില്‍നിന്നാണ് ടോമി ഭവനവായ്പയെടുത്തത്. ബാങ്കിന്റെ കണക്കനുസരിച്ചു 16 ലക്ഷം രൂപ കുടിശികയാണ്. ബാധ്യത തീര്‍ത്തില്ലെങ്കില്‍ സ്വത്ത് ജപ്തി ചെയ്യുമെന്നു ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ടോമി മൂന്നു ലക്ഷം രൂപ ബാങ്കില്‍ അടച്ചു. ഒരു ലക്ഷം രൂപയുടെ ചെക്കും നല്‍കി. വീടും സ്ഥലവും വിറ്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബാധ്യത തീര്‍ക്കാമെന്നും അറിയിച്ചു. എങ്കിലും കഴിഞ്ഞ ദിവസം ടോമിയുടെ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ മുഴുവന്‍ തുകയും ഉടന്‍ തിരിച്ചടയ്ക്കണമെന്നു ഭീഷണി സ്വരത്തില്‍ ശഠിച്ചു. ഇതോടെ മാനസികമായി തകര്‍ന്നതാണ് ജീവനൊടുക്കാന്‍ ടോമിക്കു പ്രേരണയായതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ബുധനാഴ്ച രാത്രി വൈകി സ്‌നേഹിതരില്‍ ചിലര്‍ ടോമിയെ ഫോണ്‍ ചെയ്‌തെങ്കിലും പ്രതികരണം ഉണ്ടായില്ല. വ്യാഴാഴ്ച രാവിലെ വീടിനു മുന്നിലെത്തി ഫോണ്‍ ചെയ്തപ്പോള്‍ അകത്തുനിന്നു റിംഗ് ടോണ്‍ കേട്ടു. ഇതില്‍ പന്തികേടുതോന്നി പരിസരവാസികള്‍ നടത്തിയ പരിശോധനയിലാണ് ടോമിയെ മരിച്ച നിലയില്‍ കണ്ടത്. ബത്തേരി ബാര്‍ അസോസിയേഷന്‍ അംഗമാണ് ടോമി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുകിട്ടുന്ന മൃതദേഹവുമായി ബാങ്ക് ശാഖയ്ക്കുമുന്നില്‍ സമരം സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ചില കര്‍ഷക സംഘടനകള്‍.