ഉസ്‌ബെക്കിസ്ഥാനിലെ കുപ്രസിദ്ധ ക്രിമിനൽ ഗഫൂർ റഖീമോവിനെ രാജ്യാന്തര ഫെഡറേഷന്റെ അധ്യക്ഷനായി തെരഞ്ഞെടുത്തതോടെ ബോക്‌സിംഗിനെ ഒളിംപിക്‌സിൽ നിന്ന് ഒഴിവാക്കിയേക്കും. ഫെഡറേഷനെ പാപ്പരാക്കിയ വു ചിംഗ് കുവോയെ പുറത്താക്കിയാണ് ഹെറോയിൻ കടത്തിന് കുപ്രസിദ്ധനായ റഖിമോവിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. റഖീമോവിന്റെ നിയമനത്തിൽ അതീവ ആശങ്കയുണ്ടെന്ന് രാജ്യാന്തര ഒളിംപിക് സമിതി (ഐ.ഒ.സി) പ്രസിഡന്റ് തോമസ് ബാഹ് പ്രസ്താവിച്ചു.
അറുപത്താറുകാരനായ ഉസ്‌ബെക്കുകാരൻ രാജ്യാന്തര ക്രിമിനൽ സംഘടന തീവ്‌സ് ഇൻ ലോയുടെ മുഖ്യ കണ്ണിയാണെന്നാണ് അമേരിക്ക കരുതുന്നത്. പണം തട്ടലും കാർ മോഷണവുമായി തുടങ്ങിയാണ് റഖീമോവ് ഹെറോയിൻ കടത്ത് സംഘത്തിലെത്തിയതെന്നും അവർ ആരോപിക്കുന്നു. അദ്ദേഹത്തിന്റെ അമേരിക്കയിലെ ആസ്തികൾ മരവിപ്പിച്ചിട്ടുണ്ട്. ഈയിടെ ദുബായിൽ ചേർന്ന ഫെഡറേഷൻ യോഗത്തിലാണ് റഖീമോവ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്.
കോടികൾ കാണാനില്ലെന്ന പരാതിയെത്തുടർന്നാണ് നേരത്തെ വു ചിംഗ് കുവോയെ പുറത്താക്കിയത്. ഫെഡറേഷന്റെ ഭരണ നടപടികളും സാമ്പത്തിക സ്ഥിതിയും വിവരിക്കാൻ ഏപ്രിൽ 30 വരെ ഐ.ഒ.സി സമയം നൽകിയിട്ടുണ്ട്. ഫെഡറേഷനുള്ള എല്ലാ സാമ്പത്തിക സഹായവും ഐ.ഒ.സി നിർത്തിവെച്ചു. 2020 ലെ യൂത്ത് ഗെയിംസിൽ നിന്ന് ബോക്‌സിംഗിനെ ഒഴിവാക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഒളിംപിക്‌സിൽ അവസാനമായി ബോക്‌സിംഗ് ഇല്ലാതിരുന്നത് 1912 ലാണ്.
റഖീമോവിന് ബോക്‌സിംഗ് ഫെഡറേഷന്റെ പൂർണ പിന്തുണയുണ്ട്. ഫെഡറേഷന്റെ പ്രതിഛായ മെച്ചപ്പെടുത്താൻ ശ്രമമാരംഭിച്ചിട്ടുണ്ടെന്നാണ് അവർ പറയുന്നത്. എന്നാൽ ദുരൂഹമായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ നേരത്തെ പുറത്താക്കിയ പലരെയും തിരിച്ചുകൊണ്ടുവന്നത് സംശയം വർധിപ്പിക്കുകയാണ്.